കൊച്ചിന്‍ കോര്‍പ്പറേഷനില്‍ സന്ദര്‍ശകരെ നിയന്ത്രിക്കും, കര്‍ശന നിര്‍ദേശങ്ങളുമായി മേയര്‍

കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷനില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. കൊറോണയെ തുരത്തുന്നതിന്റെ ഭാഗമായാണ് ഈ കര്‍ശന നടപടി എന്നാണ് മേയര്‍ പറയുന്നത്. അതേസമയം ഓഫീസില്‍ എത്തുന്ന എല്ലാവരേയും തെര്‍മല്‍സ്‌കാനിംഗ് സംവിധാനം ഉപയോഗിച്ച് പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ കോര്‍പ്പറേഷനില്‍ ഹെല്‍പ് ഡെസ്‌ക് ഏര്‍പ്പെടുത്തുമെന്നും മേയര്‍ പറഞ്ഞു.

നിരവധി പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ആശാപ്രവര്‍ത്തകരുടെ സഹായത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ അമ്പതോളം സ്ഥലത്തായി ജനങ്ങള്‍ക്ക് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഒരു ലക്ഷത്തോളം മാസ്‌കുകള്‍ നഗരത്തില്‍ വിതരണം ചെയ്യും. തട്ടുകടകളില്‍ നിലവാരം ഇല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നുണ്ടോ എന്നറിയാന്‍ പരിശോധന നടത്തും. ഇതിനായി ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തും. ഏതെങ്കിലും തരത്തില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കി.

അതേസമയം, കൊറോണക്കെതിരെ അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായി ആഹ്വാനം ചെയ്തിരുന്നു. തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ക്കായുള്ള കൊറോണ പ്രതിരോധ ബോധവത്കരണ പരിപാടിയിലായിരുന്നു സംയുക്ത ആഹ്വാനം.

Top