ഞങ്ങളുണ്ട് കൂടെ, അതിജീവിക്കും; ആരോഗ്യമന്ത്രിയുടെ പേജില്‍ നിറയുന്നത് കേരളത്തിന്റെ കരുത്ത്

രോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫെയ്‌സ് ബുക്കില്‍ നിറയുന്ന കമന്റുകളാണ് ഇപ്പോള്‍ കേരളത്തെ അഭിമാനത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുന്നത്. അതിജീവനത്തിന്റെ ഒരു ഘട്ടം വരുമ്പോള്‍ കേരളത്തില്‍ രാഷ്ട്രീയമോ ജാതിയോ മതമോ ഇല്ലെന്ന് മലയാളികള്‍ തെളിയിച്ചതാണ്. ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ കൊറോണ ഭീതി പടര്‍ന്നു പിടിക്കുകയും രോഗികളില്‍ നിന്ന് മറ്റുള്ളവര്‍ മാറി നടക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ കൊറോണയെ ചെറുക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന് പറഞ്ഞ് മലയാളികള്‍ രംഗത്ത് വന്നിരിക്കുകയാണ്.

‘ടീച്ചറെ.. കൊറോണ ബാധിത ഹോസ്പിറ്റലില്‍ ആംബുലന്‍സോ മറ്റ് വാഹങ്ങളോ ഓടിക്കാന്‍ ഡ്രൈവറെ ആവശ്യം ഉണ്ടേല്‍ ഞാന്‍ വരാന്‍ തയ്യാര്‍ ആണ്’

‘മാഡം എന്റെ പേര് ലക്ഷ്മി ഞാന്‍ GNM നഴ്‌സിംഗ് ആണ് പഠിച്ചത്…. എവിടെങ്കിലും ഐസൊലേഷന്‍ വാര്‍ഡില്‍ staff കുറവുണ്ടെങ്കില്‍ ഞാന്‍ റെഡി ആണ്, മാഡം ശമ്പളം വേണ്ട…’

‘മാഡം ഞാന്‍ gnm നഴ്‌സിംഗ് കഴിഞ്ഞു 10 year എക്‌സ്പീരിയന്‍സ് ഉണ്ട് ഇപ്പോള്‍ ജോലി ഇല്ല കൊറോണാ രോഗികളെ treate ചെയ്യാന്‍ റെഡി ആണ് plz കോണ്‍ടാക്ട്…’

ഇത്തരത്തില്‍ ആയിരക്കണക്കിന് കമന്റുകളാണ് മന്ത്രിയുടെ ഫെയ്‌സ് ബുക്കില്‍ നിറയുന്നത്. മലയാളികള്‍ പറഞ്ഞു ഞങ്ങളുണ്ട് കൂടെ.. നയാപൈസ ശമ്പളം വാങ്ങാതെ കൊറോണ മേഖലകളില്‍ ഞങ്ങള്‍ ജോലിചെയ്തുകൊള്ളാം.

കൊറോണയെ കുറിച്ചുള്ള വിവരങ്ങളും മുന്‍കരുതലുകളും കൃത്യസമയത്ത് തന്നെ മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെയാണ് കൊറോണ എന്ന വില്ലനെ നേരിടാന്‍ സന്നദ്ധത അറിയിച്ച് നിരവധി ആളുകള്‍ രംഗത്ത് വന്നിരിക്കുന്നത്.

മുഖ്യമന്ത്രിയും കഴിഞ്ഞദിവസം ‘സന്നദ്ധര്‍’ തയ്യാറാവണം എന്ന് പോസ്റ്റ് ഇട്ടിരുന്നു ഇതിന് ശേഷം കേരളം ഒന്നായി, ഒറ്റസ്വരത്തില്‍ മഹാമാരിയെ നേരിടാന്‍ തയ്യാറെടുക്കുകയാണ്.

നഴ്‌സിങ്ങ് പഠനം പൂര്‍ത്തിയാക്കിയിട്ടും ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്ന നിരവധി നഴ്‌സുമാരാണ് കൊറോണ വാര്‍ഡുകളില്‍ ജോലിചെയ്യാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. മറ്റുചിലരാകട്ടെ ജോലിയില്‍ നിന്ന് ലീവ് എടുത്ത് കൊറോണയെ തുരത്താന്‍ ആരോഗ്യവകുപ്പിനൊപ്പം നില്‍ക്കാമെന്ന് പറയുന്നു. ആരോഗ്യമന്ത്രി സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് ഇത്തരം കാര്യങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതുകൊണ്ട് ആരോഗ്യം ശ്രദ്ധിക്കണമെന്ന കമന്റുകളും ഉയരുന്നുണ്ട്.

അതേസമയം, ആരോഗ്യമേഖലയുമായി ബന്ധമില്ലാത്തവര്‍ പോലും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സഹായം ചെയ്യാമെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്.

‘എനിക്ക് ഈ മെഡിക്കല്‍ ഫീല്‍ഡ് ആയി യാതൊരു ബന്ധവും ഇല്ല.. എങ്കിലും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ജോലിക്ക് ആളെ ആവശ്യം ഉണ്ടെങ്കില്‍ ഞാന്‍ വരാന്‍ തയ്യാര്‍ ആണ്.. ശമ്പളം ഒന്നും വേണ്ട.. ‘

‘ഭയം ഒന്നും ഇല്ല. എന്റെ സേഫ്റ്റി എന്നേക്കാള്‍ നന്നായി നിങ്ങള്‍ നോക്കും എന്നറിയാം.. നമുക്ക് ഒന്നിച്ചു നേരിടാം..’

Top