ബിസിനസ്സ് കണ്ണിലൂടെ ‘രാഷ്ട്രീയം’ കണ്ടാല്‍; കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് കിറ്റക്‌സ് ഒരു പാഠം

കോര്‍പ്പറേറ്റ് മുതലാളിയുടെ രാഷ്ട്രീയ അഹങ്കാരത്തിനാണിപ്പോള്‍ കിഴക്കമ്പലത്ത് തിരിച്ചടി നേരിട്ടിരിക്കുന്നത്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബാണ് രാജിവെച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെപ്പോലും നാണിപ്പിക്കുന്ന തമ്മിലടിയാണ് കോര്‍പ്പറേറ്റ് കമ്പനിയായ കിറ്റെക്‌സിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു കോര്‍പ്പറേറ്റ് കമ്പനി പഞ്ചായത്തിന്റെ ഭരണം പിടിച്ചത് കിഴക്കമ്പലത്തായിരുന്നു. കോര്‍പ്പറേറ്റ് കമ്പനി രാഷ്ട്രീയത്തിലിറങ്ങി പഞ്ചായത്ത് ഭരണം പിടിക്കുന്ന കോര്‍പ്പറേറ്റ് രാഷ്ട്രീയ പരീക്ഷണമാണ് ഇവിടെ നടന്നിരുന്നത്. ഇക്കാര്യത്തില്‍ കിറ്റക്‌സ് കമ്പനി അവരുടെ ‘അജണ്ട’യാണ് നടപ്പാക്കിയിരുന്നത്.

ജനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കി ട്വന്റി ട്വന്റി കൂട്ടായ്മയുണ്ടാക്കി അതിനെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കുന്ന തന്ത്രമാണ് കിറ്റെക്‌സ് എം.ഡി പയറ്റിയത്.

2013ല്‍ കിറ്റക്‌സ് എം.ഡി സാബു ജേക്കബ് പ്രസിഡന്റും സഹോദരനും അന്നസാറാസ് കമ്പനിയുടെ എം.ഡിയുമായ ബോബന്‍ ജേക്കബ് ചെയര്‍മാനുമായി ഉണ്ടാക്കിയ ട്വന്റി ട്വന്റി എന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് രാജ്യത്ത് കോര്‍പ്പറേറ്റ് രാഷ്ട്രീയപരീക്ഷണത്തിന് തുടക്കം കുറിച്ചിരുന്നത്.

മാലിന്യ പ്രശ്‌നം ഉയര്‍ത്തി കിറ്റക്‌സ് കമ്പനിയുടെ പ്രവര്‍ത്തന ലൈസന്‍സ് തടഞ്ഞ, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതിക്കെതിരെ, കിറ്റെക്‌സ് ഗ്രൂപ്പിന്റെ പോരാണ് പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് കാരണമായിരുന്നത്.

ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മയുടെ പേരില്‍ കിഴക്കമ്പലം പഞ്ചായത്തുകാര്‍ക്ക് സഹായങ്ങളും സൗജന്യങ്ങളും നല്‍കി കിറ്റക്‌സ് ഗ്രൂപ്പ് ഒപ്പം കൂട്ടുകയായിരുന്നു.

കോര്‍പ്പറേറ്റ് കമ്പനികള്‍ ലാഭത്തിന്റെ 2 ശതമാനം സാമൂഹിക ഉത്തരവാദിത്വ നിര്‍വഹണത്തിനായി ചെലവിടണം. ഈ ഇനത്തില്‍ മാത്രം രണ്ടു കോടിയോളം രൂപയാണ് ട്വന്റി ട്വന്റി വഴി കിറ്റക്‌സ് ഗ്രൂപ്പ് കിഴക്കമ്പലത്ത് ചെലവിട്ടിരുന്നത്.

4800ത്തോളം ജീവനക്കാരുള്ള കിറ്റക്‌സ് ഗ്രൂപ്പ്, സര്‍വേ നടത്തി കിഴക്കമ്പലം പഞ്ചായത്തിലെ 8600 കുടുംബങ്ങള്‍ക്ക് അവരുടെ സാമ്പത്തിക, സാമൂഹിക അവസ്ഥക്കനുസരിച്ച് നാല് തരത്തിലുള്ള കാര്‍ഡുകളാണ് നല്‍കിയിരുന്നത്.

കാര്‍ഡുടമകള്‍ക്ക് കുറഞ്ഞ നിരക്കില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ അഞ്ച് ദിന ചന്തകളും അവര്‍ തുടങ്ങി. പട്ടികജാതി കോളനിയിലെ അന്തേവാസികള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍, ശൗചാലയം, പൊതുകിണര്‍, പൊതു പൈപ്പ് തുടങ്ങിയവയും നിര്‍മിച്ചു നല്‍കുകയുണ്ടായി.

രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്ക് സൗജന്യ ഭക്ഷണം, നിര്‍ധനര്‍ക്ക് വിവാഹങ്ങള്‍, സര്‍ജറി മുതലായ ചികിത്സകള്‍ക്കുപോലും ധനസഹായം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ കര്‍ഷകര്‍ക്കും നിരവധി സഹായങ്ങള്‍ ട്വന്റി ട്വന്റി ചെയ്തുകൊടുത്തിട്ടുണ്ട്.

ഇത്തരത്തിലുള്ള സഹായങ്ങളിലൂടെയും സൗജന്യങ്ങളിലൂടെയും ജനങ്ങളെ ഒപ്പം നിര്‍ത്തിയാണ് രാഷ്ട്രീയ പാര്‍ട്ടികളെ പരാജയപ്പെടുത്തി കിഴക്കമ്പലം പഞ്ചായത്തിലെ 19 സീറ്റുകളില്‍ 17ലും ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നത്. മറ്റു സീറ്റുകള്‍ എസ്.ഡി.പി.ഐയും മുസ്‌ലിം ലീഗുമാണ് നേടിയിരുന്നത്.

കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ച ട്വന്റി ട്വന്റിയെ രാഷ്ട്രീയ പാര്‍ട്ടിയാക്കാനുള്ള നീക്കവും കിറ്റെക്‌സ് ഗ്രൂപ്പ് ഇതിനിടെ നടത്തിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡി.ജി.പി ജേക്കബ് തോമസിനെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനും അവര്‍ നീക്കം നടത്തി. ജേക്കബ് തോമസിന് സര്‍വീസില്‍ നിന്നും സ്വയംവിരമിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കാഞ്ഞതാണ് ട്വന്റി ട്വന്റിയുടെ മത്സരനീക്കം പരാജയപ്പെടാന്‍ കാരണമായിരുന്നത്.

കിറ്റെക്‌സ് ഗ്രൂപ്പിനും ട്വന്റി ട്വന്റിക്കുമെതിരെ രാഷ്ട്രീയ നിലപാടെടുത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹ്‌നാനെ പരാജയപ്പെടുത്താന്‍ ട്വന്റി ട്വന്റി പരസ്യമായാണ് രംഗത്തിറങ്ങിയിരുന്നത്. ബെന്നി ബെഹ്‌നാനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയ ട്വന്റി ട്വന്റി ഇടതു സ്ഥാനാര്‍ത്ഥി ഇന്നസെന്റിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബെന്നി ബെഹ്‌നാന്‍ വിജയിക്കുന്ന കാഴ്ചയാണ് അവിടെ നാം കണ്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിക്ക് പിന്നാലെയാണ് പഞ്ചായത്ത് ഭരണത്തിലെ തമ്മിലടിയും ഇവിടെ ശക്തമായിരിക്കുന്നത്.

കിറ്റക്‌സ് എം.ഡി സാബു ജേക്കബുമായി കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബാണ് ഇടഞ്ഞിരുന്നത്. ഇതിനു പിന്നാലെ ജേക്കബിനെതിരെ ട്വന്റി ട്വന്റി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയുമുണ്ടായി. ട്വന്റി ട്വന്റിയിലെ 17അംഗങ്ങളില്‍ 14 പേരും ജേക്കബിനെതിരായ അവിശ്വാസ പ്രമേയത്തില്‍ നിലവില്‍ ഒപ്പിട്ടിട്ടുണ്ട്. അവിശ്വാസം പരിഗണിക്കാനിരിക്കെയാണ് രാജിവെച്ച് ജേക്കബും മറുപടി നല്‍കിയിരിക്കുന്നത്.

പഞ്ചായത്തിന്റെ പദ്ധതി വിഹിതം പോലും ചെലവഴിക്കാനാവാത്ത അവസ്ഥയാണുള്ളതെന്നും ട്വന്റി ട്വന്റിയില്‍ ജനാധിപത്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാവാത്തതിനാലാണ് രാജിവെക്കുന്നതെന്നാണ് ജേക്കബ് വ്യക്തമാക്കിയിരിക്കുന്നത്.

രാഷ്ട്രീയക്കാര്‍ക്ക് മാതൃകയായി അവതരിപ്പിച്ച കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ അപജയമാണ് ഇതോടെ ഇവിടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. ട്വന്റി ട്വന്റി ഭരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് തമ്മിലടി കാരണം പഞ്ചായത്ത് പ്രസിഡന്റ് തന്നെ തെറിച്ചിരിക്കുന്നത്. അടുത്ത് തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ രാജി ട്വന്റി ട്വന്റിക്ക് ഇനി വലിയ തലവേദനയാകും.

കോര്‍പ്പറേറ്റുകളേക്കാള്‍ നല്ലത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണെന്ന തിരിച്ചറിവുകൂടിയാണ് കിഴക്കമ്പലം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ജനപ്രിയ പദ്ധതികളും ജനസമ്മതരായ പ്രതിനിധികളുമാണ് നാടിനാവശ്യം. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാതിരുന്നതാണ് കിഴക്കമ്പലത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായിരുന്നത്. പുതിയ സാഹചര്യത്തില്‍ ആ തെറ്റ് തിരുത്താനുള്ള അവസരം കൂടിയാണ് അവര്‍ക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്.

Top