ഇബ്രാഹിം കുഞ്ഞ് വീണ്ടും കുരുക്കിലേക്ക്! കള്ളപ്പണകേസും രജിസ്റ്റര്‍ ചെയ്തു, അറസ്റ്റ്?

കൊച്ചി: മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് വീണ്ടും കുരുക്ക് മുറുകുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണമാണ് ഇപ്പോള്‍ അദ്ദേഹത്തിന് വിനയായിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് കേസെടുത്തു എന്നാണ് റിപ്പോര്‍ട്ട്.

10 കോടി രൂപയുടെ കള്ളപ്പണമാണ് അദ്ദേഹം വെളുപ്പിച്ചതെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ വി.കെ ഇബ്രാഹിംകുഞ്ഞ് 2016 നവംബറില്‍ നോട്ട് നിരോധനകാലത്ത് കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി. പത്രത്തിന്റെ കൊച്ചിയിലുളള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി പത്ത് കോടി രൂപ നിക്ഷേപിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണം ആണിതെന്നാണ് ആരോപണം.

അതേസമയം, ഇബ്രാഹിം കുഞ്ഞിനെതിരെ ആദ്യം ഉയര്‍ന്നിരുന്ന പാലാരിവട്ടം അഴിമതിക്കേസിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. വിജിലന്‍സിനോടാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. ഡിവൈഎസ്പി അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്ത സാഹചര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

Top