വളര്‍ത്തുപ്പക്ഷികളെ കൊന്നു തുടങ്ങി; മാറ്റാന്‍ ശ്രമിച്ചാല്‍ ‘അകത്താകും’, മുന്നറിയിപ്പ്!

മലപ്പുറം: മലപ്പുറം ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വളര്‍ത്തുപ്പക്ഷികളെ അടക്കം കൊന്നൊടുക്കുകയാണ്. അതിന്റെ ഭാഗമായി പരപ്പനങ്ങാടിയില്‍ കോഴികളേയും താറാവുകളേയും വളര്‍ത്തു പക്ഷികളേയും കൊന്നു തുടങ്ങി.

പാലത്തിങ്ങല്‍ എന്ന പ്രദേശത്തെ ഒരു ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ശേഷം ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമനുസരിച്ച് റാപ്പിഡ് റെസ്‌പ്പോണ്‍സ് ടീമുകള്‍ സ്ഥലത്ത് എത്തുകയും വളര്‍ത്തു പക്ഷികളേയും കോഴികളേയും കൊന്ന് സംസ്‌ക്കരിക്കുകയും ചെയ്യുകയാണ്. പാലത്തിങ്ങലിന് അടുത്തുള്ള പ്രദേശമാണ് പരപ്പനങ്ങാടി, അതിനാല്‍ ഇവിടേയും ഈ നടപടി അധികൃതര്‍ നടത്തി തുടങ്ങി. മൂന്നുദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കാനാണ് ടീമിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

അതേസമയം കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ വന്നതോടെ ഉടമസ്ഥര്‍ തങ്ങളുടെ വളര്‍ത്തുപക്ഷികളെ മറ്റിടങ്ങളിലേ മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ ചെയ്താല്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാകുക. അതിനാല്‍ ഇത്തരം പ്രവണതകള്‍ തടയുന്നതിന് മോട്ടോര്‍വാഹന വകുപ്പും പൊലീസും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഇത്തരം ഗുരുതര പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Top