കൊറോണ; വിദേശികളുമുണ്ടാകും, ആറ്റുകാല്‍ പൊങ്കാലക്ക് നിര്‍ദേശം കിട്ടിയിട്ടില്ല,ഭാരവാഹികള്‍

തിരുവനന്തപുരം: മാര്‍ച്ച് 9നാണ് കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായ ആറ്റുകാല്‍ പൊങ്കാല ആചരിക്കുന്നത്. എന്നാല്‍ ഇത്തവണത്തെ പൊങ്കാലദിനം അടുക്കുമ്പോള്‍ ഭക്തര്‍ ഏറെ ആശങ്കയിലാണ്. ഇതിന് കാരണം മറ്റൊന്നുമല്ല, ഇവിടേയും വില്ലന്‍ കൊറോണ തന്നെയാണ്. പൊങ്കാല സമര്‍പ്പണത്തിന് വിദേശികളടക്കം പങ്കെടുക്കാറുണ്ട്. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള മുന്‍കരുതലുകള്‍ ഉത്സവത്തിന് മുന്നോടിയായി സ്വീകരിക്കണോ എന്നകാര്യം ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.

അതേസമയം, കഴിഞ്ഞ വര്‍ഷങ്ങൡ സ്വീകരിച്ചിരുന്ന ചികിത്സാ സംവിധാനങ്ങളെല്ലാം ഈ വര്‍ഷവും ലഭ്യമാക്കും. എന്നാല്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമായതിനാല്‍ പ്രത്യേക നിര്‍ദേശങ്ങള്‍ക്കായാണ് ഭാരവാഹികള്‍ കാത്തു നില്‍ക്കുന്നത്. എന്നാല്‍ സര്‍ക്കാരില്‍ നിന്നോ ആരോഗ്യ വകുപ്പില്‍ നിന്നോ ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ല. ഏഴാം തിയതി പൊങ്കാല സംബന്ധിച്ച യോഗം നടക്കുന്നുണ്ട്. അന്ന് ആരോഗ്യവകുപ്പ് പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമക്കി.

ഈ വിഷയത്തില്‍ നേരത്തെ ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൊവിഡ്- 19 ഭീക്ഷണിയല്ലെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. മാത്രമല്ല, പൊങ്കാലയില്‍ പങ്കെടുക്കുന്ന വിദേശികളെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ പറഞ്ഞിരുന്നു.

എന്നാല്‍ ഈ നിലപാടില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇത്രയും വലിയ ആഘോഷത്തിലേക്ക് വിദേശികളടക്കം നിരവധി പേര്‍ എത്തിച്ചേരും. വരുന്നവരില്‍ ആര്‍ക്കൊക്കെയാണ് രോഗമുള്ളത് എന്ന് കണ്ടെത്താന്‍ പ്രയാസമാണ്. ഒരാള്‍ക്ക് പോലും രോഗം ഉണ്ടായാല്‍ അത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക, എന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ സ്വീകരിച്ചിരിക്കുന്ന മുന്‍കരുതല്‍ എന്താണെന്ന് സര്‍ക്കാര്‍ വിശദമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

രാജ്യത്ത് വൈറസ് പടരുന്ന സാഹചര്യത്തില്‍ വലിയ രീതിയില്‍ ആളുകള്‍ ഒത്തുചേരുന്ന പല പരിപാടികളും റദ്ദാക്കുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ദിവസം ഹോളി ആഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കുമെന്ന് പ്രധാനമന്ത്രിയും മറ്റ് രാഷ്ട്രീയ നേതാക്കളും പറഞ്ഞിരുന്നു.

Top