നിഖാബ് വിവാദം: എംഇഎസിന് പിന്തുണയുമായി കേരള നദ്വത്തുല്‍ മുജാഹിദീന്‍

കോഴിക്കോട്: നിഖാബ് വിവാദത്തില്‍ പ്രതികരണവുമായി കേരള നദ്വത്തുല്‍ മുജാഹിദീന്‍ വിഭാഗം. എംഇഎസ് സ്ഥാപനങ്ങളില്‍ മുഖംമൂടി വസ്ത്രം നിരോധിച്ച നടപടി വിവാദമാക്കേണ്ടതില്ലെന്നും മുഖം മറക്കണമെന്ന് ഇസ്ലാം നിഷ്‌ക്കര്‍ഷിക്കുന്നില്ലെന്നും നദ്വത്തുല്‍ മുജാഹിദീന്‍ വിഭാഗം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എംഇഎസ് മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.

മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നില്ലെന്നിരിക്കെ നിഖാബ് നിരോധനത്തെ ഇസ്ലാമിന്റെ പേരുപറഞ്ഞ് വിവാദമാക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് (കെഎന്‍എം മര്‍കസുദ്ദഅ്വ) സംസ്ഥാന പ്രസിഡന്റ് ഡോ ഇ കെ അഹമ്മമദ് കുട്ടിയും ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും പ്രസ്താവനയില്‍ പറഞ്ഞു. വിഷയം വിവാദമാകുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് എംഇഎസിന് പിന്തുണയുമായി കെഎന്‍എം എത്തിയത്.

മുസ്ലിംകള്‍ക്ക് മുഖവും മുന്‍കൈയും മറയ്ക്കാത്ത ആഭാസകരമല്ലാത്ത ഏതു വസ്ത്രവും ധരിക്കാന്‍ അവകാശമുണ്ട്. ഇറുകിയതും ശരീരത്തിന്റെ നിമ്‌നോന്നതങ്ങള്‍ പ്രകടിപ്പിക്കാത്തതുമായ മാന്യമായ ഏതു വസ്ത്രവും മുസ്ലിം സ്ത്രീകള്‍ക്ക് ധരിക്കാമെന്നിരിക്കെ പര്‍ദ്ദ തന്നെ ധരിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും കെഎന്‍എം നേതാക്കള്‍ പറഞ്ഞു.

അതേസമയം എം.ഇ.എസ് കോളേജിന്റെ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സമസ്തയടക്കമള്ള മുസ്ലീം സംഘടനകളാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. തീരുമാനം വിശ്വാസത്തിന് നേരെയുള്ള കടന്ന് കയറ്റമാണെന്നും എം.ഇ.എസിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സംഘടനകള്‍ പറയുന്നത്.

അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ എം.ഇ.എസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.കെ ഫസല്‍ ഗഫൂറാണ് പുറത്തുവിട്ടത്. എം.ഇ.എസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരോ വിദ്യാര്‍ത്ഥികളോ മുഖംമറച്ച വസ്ത്രം ധരിച്ചെത്തരുത് എന്നായിരുന്നു നിര്‍ദേശം.

Top