ശ്രീറാം വെങ്കട്ടരാമന്റെ നിയമനത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി കേരള മുസ്ലിം ജമാ അത്ത്

മലപ്പുറം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കേരള മുസ്ലിം ജമാ അത്ത്. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. നിയമനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ വ്യക്തമാക്കി. ഈ മാസം 30 തിന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ നടത്താനും തീരുമാനമായി. എല്ലാ കളക്ടറേറ്റിന് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുന്നും കേരള മുസ്ലിം ജമാ അത്ത് അറിയിച്ചു.

അതേസമയം, ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ രേണുരാജിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റത്. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് പതിനൊന്നരയോടെ കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. കളക്ടറേറ്റിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു.

ആലപ്പുഴയെ കുറിച്ച് പഠിച്ച് വരികയാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു. ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയിരുന്നു. എന്നാൽ ജില്ലാ കളക്ടർ എന്ന പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത് ആദ്യമായാണ്. തനിക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ശ്രീറാം പറഞ്ഞു.

Top