കലിതുള്ളി കാലവര്‍ഷം; ദുരിതപ്പെയ്ത്തില്‍ സംസ്ഥാനത്ത് 95.96 കോടിയുടെ കൃഷിനാശം

ഴിഞ്ഞ ആറ് ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്ത് 95.96 കോടിയുടെ കൃഷിനാശം. ജൂലൈ ഒന്ന് മുതല്‍ ആറ് വരെയുള്ള കണക്കാണ് കൃഷിവകുപ്പ് തയാറാക്കിയിട്ടുള്ളത്. ഇത് പ്രകാരം 8,898 ഹെക്ടറിലെ 39,000 കര്‍ഷകരുടെ കൃഷിയാണ് മഴയിലും കാറ്റിലും നശിച്ചത്. കൃഷിവകുപ്പ് പ്രാഥമികമായി ശേഖരിച്ച കണക്കാണിത്. കൃഷിനാശത്തിന്റെ കൃത്യമായ കണക്കുകള്‍ കൃഷിഭവനുകള്‍ വഴി സര്‍ക്കാര്‍ ശേഖരിച്ചുവരുന്നതേയുള്ളൂ.
കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ യഥാര്‍ഥ കൃഷിനാശം ഇതിലും വളരെ കൂടാനാണ് സാധ്യത.

ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് കൃഷിനാശം ഏറ്റവും കൂടുതല്‍. ആലപ്പുഴയില്‍ 4219 ഹെക്ടറിലെയും പാലക്കാട് 2512 ഹെക്ടറിലെയും കൃഷി നശിച്ചു. മറ്റ് ജില്ലകളില്‍ 200ഉം 300ഉം ഹെക്ടറിനിടയില്‍ പ്രദേശത്താണ് കൃഷിനാശം. വിളവെടുപ്പിന് പാകമായ പച്ചക്കറികളും വാഴയും നെല്ലുമെല്ലാം നശിച്ചവയില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ റബര്‍, കുരുമുളക്, തെങ്ങ്, ഏലം എന്നിവയും വ്യാപകമായി നശിച്ചിട്ടുണ്ട്. ഓണക്കാല വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന കാര്‍ഷിക വിളകള്‍ വന്‍തോതില്‍ നശിച്ചത് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായി.

ബാങ്ക് വായ്പയടക്കം ഉപയോഗപ്പെടുത്തി കൃഷിയിറക്കിയവരെ കടക്കെണിയിലാക്കുന്നതാണ് മഴ സൃഷ്ടിച്ച പ്രതിസന്ധി. ഇതിനിടെ, നേരത്തേ മഴയിലും വരള്‍ച്ചയിലും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ കൃഷിവകുപ്പ് വഴി അപേക്ഷ നല്‍കി സര്‍ക്കാര്‍ സഹായത്തിന് കാത്തിരിപ്പ് തുടരുകയാണ്. 39 കോടിയോളം രൂപയാണ് ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ഇതിന് പുറമെയാണ് ഇപ്പോള്‍ സംഭവിച്ച നാശനഷ്ടം.

Top