Kerala minister denied diplomatic passport to visit Saudi Arabia

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് അനുവദിക്കാതിരിക്കാന്‍ കാരണം രാഷ്ട്രീയ മുതലെടുപ്പ് മുന്നില്‍ കണ്ട്.

സൗദിയില്‍ വഴിയാധാരമായ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് വേണ്ടി കേന്ദ്രവിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെടുകയും വിദേശകാര്യ സഹമന്ത്രി വി കെ സിങ്ങിനെ തന്നെ നേരിട്ട് യുദ്ധകാല അടിസ്ഥാനത്തില്‍ സൗദിയിലേക്ക് അയക്കുകയും ചെയ്തിരിക്കെ ഒരു സംസ്ഥാന മന്ത്രി ഇതേ കാര്യത്തിനായി ഔദ്യോഗികമായി സൗദിയിലെത്തുന്നത് നല്ല ‘ഉദ്ദേശത്തിനല്ലെന്ന’ നിലപാടിലാണ് വിദേശകാര്യ മന്ത്രാലയം.

കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ ഇതേ ആവശ്യമുന്നയിച്ച് മറ്റ് സംസ്ഥാനങ്ങളും മന്ത്രിമാരെ അയക്കുമെന്നും അത് ശരിയായ നടപടിയല്ലെന്നുമാണ് വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

‘ഇവിടെ മിന്നല്‍ പോലെ പ്രവര്‍ത്തിക്കുന്ന നട്ടെല്ലുള്ള ഒരു സര്‍ക്കാരുണ്ട്. ആ സര്‍ക്കാരിന്റെ ഇടപെടലുകള്‍ എന്താണെന്ന് ലോകത്തിനറിയാം. ഇന്ത്യ ഭരിക്കുന്നത് കേരളമല്ലല്ലോ’ എന്നാണ് ഇതുസംബന്ധമായ ചോദ്യത്തിന് മുതിര്‍ന്ന ഒരു ബിജെപി നേതാവ് പ്രതികരിച്ചത്.

വെടിയുണ്ടകളും ബോംബുകളും ചീറി പായുന്ന യമനിലും ഇറാഖിലും സുഡാനിലുമൊക്കെ കുടുങ്ങിയ മലയാളികളെ രക്ഷിക്കാന്‍ ഒരു മന്ത്രിയെയും കേരളത്തില്‍ നിന്ന് കണ്ടിട്ടില്ലെന്നും ബിജെപി പരിഹസിച്ചു.

‘നനഞ്ഞയിടം കുഴിക്കാമെന്ന്’ കരുതി കേന്ദ്രത്തിന്റെ ‘ചിലവില്‍’ ആരും വരേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് ബിജെപി നേതൃത്വം.

ഇതിനിടെ സൗദിയില്‍ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളെ കാണാനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങിനെ മുദ്രാവാക്യം വിളികളോടെയാണ് തൊഴിലാളികള്‍ സ്വാഗതം ചെയ്തത്. കേന്ദ്രമന്ത്രിയും സംഘവും വ്യാഴാഴ്ച വൈകിട്ടോടെയാണ് എത്തിയത്. മക്ക പ്രവിശ്യയിലെ തൊഴില്‍ മന്ത്രാലയത്തിലെ പ്രതിനിധികളും കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

തുടര്‍ന്ന് കോണ്‍സുലേറ്റ് തിരഞ്ഞെടുത്ത തൊഴിലാളികളുമായി കേന്ദ്രമന്ത്രി നേരിട്ട് സംസാരിക്കുകയും പരാതി സൗദി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് സൗദിയില്‍ നിന്ന് മടങ്ങേണ്ടവര്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും നല്‍കാമെന്ന് സൗദി തൊഴില്‍ മന്ത്രാലയം തീരുമാനവുമെടുത്തു.

സൗദിയില്‍ തുടരുന്നവര്‍ക്ക് വിസ സൗജന്യമായി മാറാനും പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ അവസരം നല്‍കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സൗദി ഭരണകുടം ഇടപെടുമെന്നും ഉറപ്പ് നല്‍കി.

ഇതിനായി മൂന്നുമാസത്തെ താത്കാലിക വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കാനും ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തിലെ പ്രതിനിധികള്‍ കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തില്‍ തൊഴിലാളി പ്രതിനിധികളെ അറിയിച്ചു.

തൊഴിലാളികളുടെ പുനരധിവാസം ഭാഷകള്‍ക്ക് അതീതമായി കണ്ട് ദ്രുതഗതിയില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി കെ സിങിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കെയാണ് കേരളത്തില്‍ നിന്ന് മന്ത്രി കെ ടി ജലീലിന്റെ സന്ദര്‍ശനം സംബന്ധമായ വിവാദങ്ങളും ഉയരുന്നത്.

അതേസമയം കേന്ദ്രത്തില്‍ നിന്നുള്ള ഒരു മന്ത്രി അവിടെ പോയതിന് ശേഷം സംസ്ഥാനത്ത് നിന്നുള്ള ഒരു മന്ത്രി അവിടെ പോകുന്നതിനെ എന്തിന് തടഞ്ഞു എന്നത് മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന്റെ കാരണം തീര്‍ത്തും ദുരൂഹമാണ്. ഇതിന്റെ ഭാഗമായിട്ട് അവര്‍ക്ക് രാഷ്ട്രീയ നേട്ടം എന്തെങ്കിലും ലഭിക്കും എന്ന് കാണുന്നില്ല. അത്തരമൊരു നിലപാട് ഈ രാജ്യത്തിന്റെ ഗവണ്‍മെന്റ് എന്ന നിലയില്‍ കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുവാന്‍ പാടില്ലായിരുന്നു. അതാണ് സംസ്ഥാനത്തിന്റെ ശക്തമായ അഭിപ്രായം- മുഖ്യമന്ത്രി വ്യക്തമാക്കി.

Top