മാധ്യമങ്ങൾ തമ്മിൽ സാമാന്യ മര്യാദയൊന്നും ഇല്ല, പരസ്പരം പോരടിച്ചും, പ്രതിക്കൂട്ടിലാക്കിയും ചാനലുകൾ !

ഷ്യാനെറ്റ്, 24ന്യൂസ്, റിപ്പോർട്ടർ ചാനൽ, മാതൃഭൂമി എന്നിവ മലയാളത്തിലെ പ്രധാനപ്പെട്ട വാർത്താ ചാനലുകളാണ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വാർത്താ ചാനലുകളുടെ മത്സരം മറ്റൊരു തലത്തിലേക്കാണ് ഇപ്പോൾ മാറി കൊണ്ടിരിക്കുന്നത്. അതൊരു പകവീട്ടൽ എന്ന രൂപത്തിലേക്കാണ് വഴിമാറിയിരിക്കുന്നത്. പ്രതേകിച്ച് റിപ്പോർട്ടർ ചാനൽ മുഖം മിനുക്കി രംഗത്ത് വന്നതോടെ മത്സരവും ഏറെ കടുത്തിട്ടുണ്ട്. ഏഷ്യാനെറ്റിലെയും 24 ന്യൂസിലെയും പ്രധാനപ്പെട്ട ചില മാധ്യമ പ്രവർത്തകരെ റിപ്പോർട്ടർ ചാനൽ റാഞ്ചിയതാണ് ഈ പകയുടെ അടിസ്ഥാനം. പ്രതിസന്ധിയിലായിരുന്ന റിപ്പോർട്ടർ ചാനൽ പുതിയ ടെക്നോളജി അവതരിപ്പിച്ചാണ് റീലോഞ്ച് ചെയ്യപ്പെട്ടിരുന്നത്.

എന്നാൽ, ഇതിനു തൊട്ടുപിന്നാലെ റിപ്പോർട്ടർ ചാനലിന്റെ മാനേജ്മെന്റിനെ പ്രതിരോധത്തിലാക്കുന്ന വാർത്തകളാണ് മാതൃഭൂമി ഉൾപ്പെടെ മറ്റു ചാനലുകളിൽ നിറഞ്ഞിരുന്നത്. മുട്ടിൽ മരംമുറി കേസിൽ പ്രതികളാണ് റിപ്പോർട്ടർ ചാനൽ ഉടമകൾ എന്നതിനാൽ ഈ കേസ് മുൻ നിർത്തിയായിരുന്നു പ്രധാന കടന്നാക്രമണം. കോടതിയുടെ അന്തിമ വിധി വരാതെ ആരെയും കുറ്റക്കാരെന്ന് വിധിയെഴുതാൻ പറ്റില്ലന്ന നിലപാടാണ് ഇക്കാര്യത്തിൽ റിപ്പോർട്ടർ ചാനലിലെ മാധ്യമ പ്രവർത്തകരും സ്വീകരിച്ചിരുന്നത്. അവർ ഇക്കാര്യം പരസ്യമായി വ്യക്തമാക്കാനും മടിച്ചിരുന്നില്ല.

മുട്ടിൽ വിവാദത്തെ മാതൃഭൂമി ഉടമയായ എം.വി ശ്രേയാംസ്‌ കുമാറിനെതിരായ കടന്നാക്രമണം വഴി നേരിടാനാണ് റിപ്പോർട്ടർ ചാനൽ തീരുമാനിച്ചിരുന്നത്. വയനാട് കൃഷ്ണ​ഗിരി വില്ലേജിൽ ശ്രേയാംസ് കുമാറും കുടുംബവും ഭൂമി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഒരു അന്വേഷണ പരമ്പര തന്നെയാണ് റിപ്പോർട്ടർ ചാനൽ പുറത്തു വിട്ടിരുന്നത്. ഏഷ്യാനെറ്റിൽ നിന്നും റിപ്പോർട്ടർ ചാനലിന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം തലവനായി നിയമിക്കപ്പെട്ട ടി.വി പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു ഇതെല്ലാം നടന്നിരുന്നത്. അതേസമയം ടി.വി പ്രസാദ് റിപ്പോർട്ടർ ചാനലിലൂടെ പുറത്തുവിട്ട ഹൃദ്യം പദ്ധതിയെപ്പറ്റിയുള്ള വാർത്തയിലെ പിഴവും വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരുന്നത്. ഈ പിഴവ് വാർത്തയാക്കാൻ മത്സരിച്ചവരിൽ മുൻപന്തിയിൽ, ഏഷ്യാനെറ്റും ഉണ്ടായിരുന്നു.

രാഷ്ട്രീയക്കാരെ പോലെ തന്നെ കിട്ടുന്ന അവസരം മുൻ നിർത്തി പകവീട്ടുക എന്ന നിലയിലേക്ക് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും നീങ്ങുന്ന കാഴ്ച, കേരളത്തെ സംബന്ധിച്ച് അസാധാരണം തന്നെയാണ്. പുതിയ വാർത്താ സംസ്കാരത്തിന് തുടക്കമിട്ട് 24 ന്യൂസ് പ്രക്ഷേപണം ആരംഭിച്ചതോടെയാണ് വാർത്താ ചാനലുകൾക്കിടയിൽ മത്സരവും ശക്തമായിരുന്നത്. അന്നും ഇന്നും ഏഷ്യാനെറ്റ് തന്നെയാണ് മലയാളത്തിലെ നമ്പർ വൺ ചാനൽ. എന്നാൽ പ്രേക്ഷക പിന്തുണയിൽ രണ്ടാം സ്ഥാനത്ത് എത്താൻ പ്രക്ഷേപണം തുടങ്ങി ചുരുങ്ങിയ കാലംകൊണ്ടു തന്നെ 24 ന്യൂസിന് കഴിഞ്ഞിട്ടുണ്ട്.

24 ന്റെ ഈ മുന്നേറ്റത്തിന് ശ്രീകണ്ഠൻ നായർക്കൊപ്പം ചുക്കാൻ പിടിച്ച അനിൽ അയിരൂരിനെ ഉൾപ്പെടെയാണ് റിപ്പോർട്ടർ ചാനൽ പിന്നീട് റാഞ്ചിയിരുന്നത്. 24ന്റെ പ്രധാന മുഖങ്ങളിൽ ഒന്നായിരുന്ന ഡോക്ടർ അരുൺകുമാറും സുജയ പാർവ്വതിയും നിലവിൽ റിപ്പോർട്ടറിന്റെ തലപ്പത്തുണ്ട്. ഇതിനു പുറമെ മുതിർന്ന മാധ്യമ പ്രവർത്തകരായ എം.വി നികേഷ് കുമാറും, ഉണ്ണി ബാലകൃഷ്ണനും, സ്മൃതി പരുത്തിക്കാടും ഉൾപ്പെടെ ചേരുമ്പോൾ റിപ്പോർട്ടർ ചാനൽ ടീം ശക്തരാണ്. ഈ കരുത്ത് ഉപയോഗിച്ച് മുന്നേറാൻ അവർ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാനാണ് ഏഷ്യാനെറ്റും, 24 ന്യൂസും ഉൾപ്പെടെയുള്ള മറ്റു മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഈ മത്സരം പലപ്പോഴും പരസ്പരം കടന്നാക്രമിക്കുന്ന രീതിയിലേക്കാണ് വഴിമാറിപ്പോകുന്നത്.

ഏറ്റവും ഒടുവിൽ സോളാർ അന്വേഷണ റിപ്പോർട്ട് മുൻ നിർത്തിയും ഈ കടന്നാക്രമണം വ്യക്തമാണ്. 50 ലക്ഷം രൂപ നൽകി അതിജീവിതയുടെ കത്ത് ഏഷ്യാനെറ്റ് സ്വന്തമാക്കിയെന്ന സി.ബി.ഐ റിപ്പോർട്ടിലെ സാക്ഷിമൊഴി മുൻനിർത്തി ഏഷ്യാനെറ്റിനെ ആദ്യമായി കടന്നാക്രമിച്ചത് റിപ്പോർട്ടർ ചാനലാണ്. സോളാർ റിപ്പോർട്ട് പുറത്ത് വിട്ട മുതിർന്ന മാധ്യമ പ്രവർത്തകൻ അനിൽ ഇമാനുവൽ പോലും ചാനലിന്റെ പേര് പറയാതെ ഒഴിവാക്കിയപ്പോഴാണ് ചാനലിന്റെ പേര് എടുത്ത് പറഞ്ഞ് റിപ്പോർട്ടർ ചാനൽ പുതിയ പോർമുഖം തുറന്നിരിക്കുന്നത്.

ചാനലുകളുടെ ഈ പകപോക്കൽ നയം കണ്ട് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉൾപ്പെടെയാണ് നിലവിൽ അമ്പരന്നിരിക്കുന്നത്. ഈ പോക്കു പോയാൽ രാഷ്ട്രയക്കാരുടെ തമ്മിലടികളെ വെല്ലുന്നത് മാധ്യമ മേഖലയിലും ഇനി കാണേണ്ടി വരും. ഓരോ മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും കടന്നാക്രമണത്തിനു നിരത്താൻ അവരുടേതായ കാരണങ്ങളും താൽപ്പര്യങ്ങളും ഉണ്ട്. അതാകട്ടെ പകൽപ്പോലെ വ്യക്തവുമാണ്. നിലവിൽ ഏഷ്യാനെറ്റ്, 24 ന്യൂസ് , മനോരമ ന്യൂസ്, റിപ്പോർട്ടർ ചാനൽ, മാതൃഭൂമി ന്യൂസ്, ജനം ടിവി, മീഡിയ വൺ, കൈരളി ഉൾപ്പെടെ 8 വാർത്താ ചാനലുകളാണ് ഉള്ളത്. ഇതിനു പുറമെ ഇനി രണ്ട് വാർത്താ ചാനലുകൾ കൂടി വരാനുമുണ്ട്. അതും കൂടി സംപ്ര ക്ഷണം ആരംഭിച്ചാൽ ഇപ്പോഴത്തെ കിട മത്സരം ഒന്നുകൂടി കടുക്കും.

മുഖ്യധാരാ വാർത്താ ചാനലുകൾക്ക് ഇപ്പോൾ ഏറെ വെല്ലുവിളി ഉയർത്തുന്നത് യൂട്യൂബ് ചാനലുകളും ന്യൂസ് പോർട്ടുകളുമാണ്. ഏറ്റവും കൂടുതൽ ആളുകൾ വാർത്തകൾ കാണുന്നത് സോഷ്യൽ മീഡിയകളിലൂടെ ആയതിനാൽ ഈ മേഖലയിൽ സ്വതന്ത്ര യൂട്യൂബ് ചാനലുകൾക്ക് നല്ല സ്വാധീനമാണുള്ളത്. സാറ്റ് ലൈറ്റ് ചാനലുകൾക്ക് മാത്രമായി പ്രത്യേക പരിഗണനയൊന്നും യൂട്യൂബും ഫെയ്സ് ബുക്കും നൽകുന്നില്ല. അവിടെ എല്ലാവരും തുല്യരാണ്. കണ്ടന്റാണ് വ്യൂവേഴ്സിനെ തീരുമാനിക്കുന്നത്. സമാനമായ നിലപാടാണ് രാജ്യത്തെ തന്നെ പ്രധാന ന്യൂസ് ഫീഡ് ആപ്പായ ഡയ്ലി ഹണ്ടും പിന്തുടരുന്നത്. സാറ്റ്ലൈറ്റ് ചാനലുകൾക്കും സ്വതന്ത്ര യൂട്യൂബ് ചാനലുകൾക്കും തുല്യ പരിഗണനയാണ് അവരും നൽകി വരുന്നത്. ഇതു മൂലം പല മുതിർന്ന മാധ്യമ പ്രവർത്തകരും സ്വന്തമായി യൂട്യൂബ് ചാനലുകൾ തുടങ്ങിയും മുന്നോട്ടു പോകുന്നുണ്ട്.

ഈ രംഗത്ത് ഏറ്റവും ഒടുവിലായി തുടങ്ങിയ ചാനലാണ് മാധ്യമ സിൻണ്ടിക്കേറ്റ്. ഏഷ്യാനെറ്റ്, മനോരമ ഉൾപ്പെടെ, മുഖ്യധാരാ ചാനലുകളിൽ പ്രവർത്തിച്ച് ഏറ്റവും കൂടുതൽ എക്സ്ക്ലൂസീവ് വാർത്തകൾ പുറത്തു കൊണ്ടു വന്നിരുന്ന അനിൽ ഇമാനുവലിന്റെ നേതൃത്വത്തിലാണ് മാധ്യമ സിൻണ്ടിക്കേറ്റ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ചിങ്ങം ഒന്നിന് സംപേക്ഷണം ആരംഭിച്ച മാധ്യമ സിൻണ്ടിക്കേറ്റിന്റെ ആദ്യ ബ്രേക്കിങ്ങ് ന്യൂസായിരുന്നു മാധ്യമ കേരളം ഇപ്പോൾ ഏറ്റെടുത്ത സോളാർ റിപ്പോർട്ട്. വലിയ കോളിളക്കമാണ് രാഷ്ട്രീയ മേഖലയിലും മാധ്യമ മേഖലയിലും ഈ റിപ്പോർട്ട് സൃഷ്ടിച്ചിരിക്കുന്നത്. അതെന്തായാലും പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top