ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സോ ? തല പുകച്ച് രാഷ്ട്രീയ പാർട്ടി നേതൃത്വം

വോട്ടിങ് ശതമാനം കുത്തനെ വര്‍ദ്ധിച്ചതില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ വരട്ടെ, കാര്യങ്ങള്‍ കണക്ക് കൂട്ടലുകള്‍ക്കും അപ്പുറമാകും. വോട്ടിങ് ശതമാനം വര്‍ദ്ധിച്ചാല്‍ യു.ഡി.എഫ് വിജയിക്കുമെന്നും കുറഞ്ഞാല്‍ ഇടതുപക്ഷം വിജയിക്കുമെന്നുമുള്ള പരമ്പരാഗത സങ്കല്‍പ്പം 2014ലെ തിരഞ്ഞെടുപ്പില്‍ തന്നെ പൊളിഞ്ഞടങ്ങിയതാണ്.

അന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കണ്ണൂരാണ്. 80.93 ശതമാനമായിരുന്നു പോളിങ്. വിജയിച്ചതാകട്ടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും. ഏറ്റവും കുറവ് ആ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് വിജയിച്ചത് വോട്ടിങ്ങ് ശതമാനം 65.67.

ഇത്തവണ കണക്കുകള്‍ പരിശോധിക്കുമ്പോഴും ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കണ്ണൂരിലാണ്, 83.05 ശതമാനം. കുറവാകട്ടെ തിരുവനന്തപുരത്തും 73.45 ശതമാനം. കുറവാണെങ്കിലും തിരുവനന്തപുരത്ത് കഴിഞ്ഞ തവണത്തേക്കാള്‍ 4.85 ശതമാനമാണ് വോട്ട് വര്‍ദ്ധിച്ചത്. പൊതുവെ സംസ്ഥാനത്ത് 77.68 ശതമാനം പോളിങ്ങാണ് ഇത്തവണ ഉണ്ടായത്. മൂന്ന് പതിറ്റാണ്ടിനിടെ ഉണ്ടാകുന്ന കനത്ത പോളിങ്ങാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

മത ന്യൂനപക്ഷങ്ങള്‍ സംഘടിതമായി വോട്ട് ചെയ്തത് കൊണ്ടാണ് വോട്ടിങ് ശതമാനം കൂടിയതെന്ന വാദം യുക്തിപരമല്ല. കാരണം അങ്ങനെ ആയിരുന്നു എങ്കില്‍ പൊന്നാനിയില്‍ വോട്ടിങ് ശതമാനം കൂടണമായിരുന്നു. കഴിഞ്ഞ തവണ 73.8 ശതമാനം വോട്ട് ഉണ്ടായിരുന്ന പൊന്നാനിയില്‍ ഇത്തവണ വാശിയേറിയ മത്സരം നടന്നിട്ടും 74.96 ശതമാനത്തിലേ എത്തിയൊള്ളു.

മലപ്പുറത്താകട്ടെ 71.3 ല്‍ നിന്ന് 75.43 ശതമാനമായി ഉയര്‍ന്നെങ്കിലും അത് ഒരു തരംഗത്തിന്റെ ഭാഗമായി കാണാന്‍ പറ്റില്ല. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ 80.31 ശതമാനമാണ് പോള്‍ ചെയ്തത് ഇത് കഴിഞ്ഞ തവണത്തേതിനോട് വിലയിരുത്തുമ്പോള്‍ 7.11 ശതമാനത്തിന്റെ വര്‍ദ്ധനവായേ കാണാന്‍ പറ്റൂ. രാഹുല്‍ഗാന്ധി മത്സരിക്കുന്ന കേരളത്തിലെ ഒരു മണ്ഡലത്തില്‍ ഈ ശതമാനം വലിയ നമ്പറൊന്നുമല്ല.

രാഹുല്‍ തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചിരുന്നു എങ്കിലും അത് തൊട്ടടുത്ത മലപ്പുറം ജില്ലയിലെ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ പ്രതിഫലിക്കണമായിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലമായ കോട്ടയത്ത് കഴിഞ്ഞ തവണ ഉണ്ടായിരുന്ന 71.6 ശതമാനം ഇത്തവണ 75.29 ശതമാനമായി മാത്രമാണ് ഉയര്‍ന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും വരുന്നതിലുള്ള പേടി ഉണ്ടായിരുന്നു എങ്കില്‍ ഇവിടെയും ശതമാനം കുത്തനെ കൂടണമായിരുന്നു.

കഴിഞ്ഞ തവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളില്‍ ആയിരുന്നു എങ്കില്‍ ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 കടന്നു. 80 കടന്നത് എട്ട് മണ്ഡലങ്ങളിലാണ്. ഇതില്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ ഒരു മണ്ഡലവും ഉള്‍പ്പെട്ടിട്ടില്ല. അടിയന്തരാവസ്ഥക്ക് ശേഷം 1977 ലും 1989 ലും മാത്രമാണ് പോളിങ് 79 ശതമാനം കടന്നിരുന്നത്.

ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് 2014ലെ 68.69 ശതമാനത്തില്‍ നിന്നും 73.45 ശതമാനമായതും പത്തനംതിട്ടയില്‍ 66.02 ല്‍ നിന്ന് 74.19 ആയതും തൃശൂരില്‍ 72.17 ല്‍ നിന്നും 77.86 ആയി ഉയര്‍ന്നതും പ്രതീക്ഷയോടെയാണ് ബി.ജെ.പി കാണുന്നത്. ഈ മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നേടുമെന്നാണ് കണക്കുകള്‍ നിരത്തിയുള്ള അവരുടെ അവകാശവാദം.

ഒരു തരംഗം സംസ്ഥാനത്ത് ദൃശ്യമാണെങ്കിലും അത് ആര്‍ക്ക് അനുകൂലമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്കു പോലും ഇപ്പോള്‍ വിലയിരുത്താന്‍ കഴിയില്ല.

ശബരിമല വിഷയം പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങള്‍ക്ക് അപ്പുറം വോട്ടിങ്ങിനെ ബാധിച്ചിട്ടുണ്ടെങ്കില്‍ അത് യു.ഡി.എഫിനാകും ഗുണം ചെയ്യുക. അതേസമയം, ബി.ജെ.പിയുടെ മുന്നേറ്റത്തിനെതിരായ സംഘടിത ന്യൂനപക്ഷ വോട്ടില്‍ നല്ലൊരു വിഭാഗം ഇടതുപക്ഷത്തിനാണ് ലഭിച്ചതെങ്കില്‍ തരംഗം വഴിമാറി ഇടത്തേക്കാകും.

ഇത്തവണ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായത് ശബരിമല വിഷയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഈ പ്രചരണത്തിനാണ് ഊന്നല്‍ നല്‍കിയത്. ഇതിന് മുഖ്യമന്ത്രിയും സി.പി.എമ്മും മറുപടി പറഞ്ഞതോടെ രൂക്ഷമായ വാഗ്വാദങ്ങളാണ് നടന്നത്.

ബി.ജെ.പി എന്ന അപകടത്തെ ചെറുക്കാന്‍ സി.പി.എമ്മിനും ഇടതുപക്ഷത്തിനും മാത്രമേ കഴിയൂ എന്ന പ്രചരണം നടത്തിയാണ് ഭരണപക്ഷം വോട്ട് പിടിച്ചത്. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഒരു വോട്ട് എന്ന പ്രചരണം യു.ഡി.എഫും നടത്തി. പ്രചരണത്തില്‍ പല അവകാശവാദങ്ങളും ഏറ്റുമുട്ടിയെങ്കിലും വോട്ടര്‍മാര്‍ ഉറച്ച തീരുമാനം എടുത്ത് തന്നെയാണ് മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് വോട്ട് ചെയ്തിരിക്കുന്നത്. എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോലുള്ള ഒരു മാസ് വോട്ടിങ്. ഇത് തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടി നേത്യത്വങ്ങളെ ഏറെ ആശങ്കപ്പെടുത്തുന്നതും.

വലിയ അടിയൊഴുക്കുകളാണ് നടന്നിട്ടുള്ളത് എന്ന് വ്യക്തം. അത് ആര്‍ക്ക് അനുകൂലമാകും എന്ന് മാത്രമേ ഇനി അറിയാനുള്ളൂ. അത് എന്ത് തന്നെയായാലും കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ നിര്‍ണ്ണയിക്കുന്നതാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അതേസമയം, തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ബി.ജെ.പി വിജയിക്കുമെന്നും തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ രണ്ടാമത് എത്തുമെന്നുമാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കൂടുതല്‍ സീറ്റുകള്‍ യു.ഡി.എഫ് നേടുമെന്നും ഐ.ബി ചൂണ്ടിക്കാട്ടുന്നു. കേരള രഹസ്യ പൊലീസ് ആകട്ടെ ഇടതുപക്ഷത്തിനാണ് മേധാവിത്വം പുലര്‍ത്തുന്നത്. 14 സീറ്റാണ് പ്രവചനം. അപ്പോഴും പത്തനംതിട്ടയുടെയും തിരുവനന്തപുരത്തിന്റെയും കാര്യത്തിലും പ്രവചനാതീതം എന്ന് തന്നെയാണ് അവരുടെയും കണ്ടെത്തല്‍.

കേരള രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന തരത്തിലേക്ക് പത്തനംതിട്ട, തിരുവനന്തപുരം ഫലങ്ങള്‍ പോകുമോ എന്നതാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. നാല് സീറ്റുകളില്‍ ഉറപ്പായും വിജയിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. തൃശൂരും പാലക്കാടും ഉള്‍പ്പടെയാണിത്.

Express Kerala View

Top