കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കം അവസാനിക്കുന്നില്ല; ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന് നേതാക്കള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം. ഇടുക്കി, വയനാട് മണ്ഡലങ്ങള്‍ സംബന്ധിച്ചാണ് തര്‍ക്കം തുടരുന്നത്. മുതിര്‍ന്ന സ്ഥാനാര്‍ഥികള്‍ മത്സരിക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും സ്ഥാനാര്‍ഥികളാകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം കോട്ടയം, പത്തനംതിട്ട, ഇടുക്കി സീറ്റുകളിലെ വിജയസാധ്യതയെ ബാധിക്കുമെന്നതിനാല്‍ അദ്ദേഹം മത്സരരംഗത്തുണ്ടെങ്കില്‍ മൂന്ന് സീറ്റിലും ജയം ഉറപ്പാണെന്ന് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇടുക്കി, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലൊന്നില്‍ ഉമ്മന്‍ ചാണ്ടി വേണമെന്നാണ് നേതാക്കളുടെ പ്രധാന ആവശ്യം.

ഇന്ന് രാവിലെ നടക്കുന്ന ചര്‍ച്ചകളില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നില്ല. അദ്ദേഹം ആന്ധ്രയിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി അവിടേക്ക് പോയി. എന്നാല്‍ രാവിലത്തെ ചര്‍ച്ചയ്ക്കിടെ അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് തിരിച്ചുവിളിച്ചതായാണ് വിവരം.

ഇതിനിടെ, സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച് ഗ്രൂപ്പ് തര്‍ക്കവും നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. വയനാട്ടില്‍ ടി.സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ ഐ ഗ്രൂപ്പ് കെ.പി.അബ്ദുള്‍ മജീദിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് വേണ്ടി എ ഗ്രൂപ്പ് ശക്തമായി രംഗത്തെത്തുണ്ട്. എന്നാല്‍, ഇത് അംഗീകരിക്കാനാകില്ലെന്നും ജോസഫ് വാഴയ്ക്കനെ പരിഗണിക്കണമെന്നുമാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.

വടകരയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേരാണ് അവസാനമായി പരിഗണിക്കുന്നതെന്നാണ് സൂചന. ആലപ്പുഴ, വടകര, വയനാട്, ഇടുക്കി, കാസര്‍ഗോഡ് മണ്ഡലങ്ങില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച് ഇതുവരെ ഒരു ധാരണയും ആയിട്ടില്ല.

Top