സംസ്ഥാനത്ത് ലോക്ക്ഡൗണ്‍; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ക്രിമിനല്‍ കേസ്

സംസ്ഥാനത്തു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നടപടികള്‍ ശക്തമാക്കി കേരള പൊലീസ്. നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്തത് 402 കേസുകളെന്ന് വിവരം. ലോക്ക്ഡൗണിനോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ കര്‍ശനമാക്കിയത്. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസടക്കമുള്ള കര്‍ശനനടപടിയുണ്ടാകും.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നിരത്തിലിറങ്ങും. അവശ്യ സേവനമായി പ്രഖ്യാപിക്കപ്പെട്ടിട്ടുളള വിഭാഗത്തില്‍പ്പെട്ടവര്‍ക്കു യാത്ര ചെയ്യുന്നതിനായി ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേക പാസ്സ് നല്‍കും. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് സ്വയം തയ്യാറാക്കി നല്‍കുന്ന സത്യവാങ്മൂലം നല്‍കണം. യാത്രയുടെ വിവരങ്ങളടക്കം സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കണം.

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുകയുള്ളു. 123 കേസുകളാണ് തിരുവനന്തപുരത്ത് മാത്രം രജിസ്റ്റര്‍ ചെയ്തത്. എറണാകുളത്ത് 69 ഉം, കൊല്ലത്ത് 70ഉം, ഇടുക്കിയില്‍ 48 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പൊലീസ് ആസ്ഥാനത്ത് കൊവിഡ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

Top