kerala loan thomas issac statement

Thomas-Issac

തിരുവനന്തപുരം: സംസ്ഥാനത്തിന് കൂടുതല്‍ വായ്പയെടുക്കാന്‍ പൊതുബജറ്റില്‍ അനുമതി നല്‍കണമെന്നു ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്.

എയിംസ് അടക്കമുള്ള മുന്‍ ആവശ്യങ്ങളില്‍ ചിലതെങ്കിലും യാഥാര്‍ഥ്യമാകുമെന്നും കേരളം പ്രതീക്ഷിക്കുന്നു. നോട്ട് അസാധുവാക്കല്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ സൃഷ്ടിച്ച ഇടിവു മറികടക്കാനുള്ള കൈത്താങ്ങ് ബജറ്റില്‍ വേണമെന്ന്‌ തോമസ് ഐസക് ആവശ്യപ്പെട്ടു.

18,500 കോടി രൂപയാണ് സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പയുടെ പരിധി ഇതില്‍നിന്ന് ഒരുശതമാനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കു കത്തുനല്‍കിയിരുന്നു.

തൊഴിലുറപ്പ് പദ്ധതിക്കായി ഇരട്ടിതുക അനുവദിക്കണം. സംസ്ഥാനത്ത് കിട്ടുന്ന പണം കൊണ്ട് 45 ദിവസം വരെ തൊഴില്‍ നല്‍കാനേ സാധിക്കുന്നുള്ളു. വരാനിരിക്കുന്ന വരള്‍ച്ച പരിഗണിച്ച് കാര്‍ഷിക കടാശ്വാസപദ്ധതികള്‍ ബജറ്റില്‍ വേണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം.

സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യ വിഹിതത്തിലെ വര്‍ധന, കേരളത്തിലെ നാണ്യവിളകള്‍ക്കു സമഗ്രമായ ഇന്‍ഷുറന്‍സ് തയാറാക്കണം, എയിംസ്, റബര്‍ വിലസ്ഥിരതാ ഫണ്ടിന് സഹായം, അഗ്രോപാര്‍ക്കുകള്‍ക്കു ധനസഹായം, ദേശീയപാത 66ന്റെ വികസനം, സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും സഹായം, സംസ്ഥാനത്തിന്റെ വന്‍കിടപദ്ധതികള്‍ക്കുള്ള സഹായം, കൊച്ചി പാലക്കാട് വ്യവസായ ഇടനാഴിക്ക് സഹായം തുടങ്ങിയവയും കേരളം ആവശ്യപ്പെടുന്നുണ്ട്.

കുട്ടനാട് പാക്കേജിനുള്ള കേന്ദ്രവിഹിതം നല്‍കുക, റബറിനെ മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തുക, എസി ബസുകള്‍ക്ക് ചുമത്തിയ സേവനനികുതിയില്‍നിന്ന് കെഎസ്ആര്‍ടിസി ബസുകളെ ഒഴിവാക്കുക എന്നിവയും പ്രധാന ആവശ്യങ്ങളാണ്.

Top