kerala liquor ban- ooman chandi

കോഴിക്കോട്: മദ്യം ഉണ്ടായ കാലം മുതലുള്ളതാണ് മദ്യ വര്‍ജനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യം ലഭ്യമാക്കിയിട്ട് ഉപയോഗം കുറയ്ക്കുമെന്നു പറയുന്നതു നടക്കുന്ന കാര്യമാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫ് സര്‍ക്കാര്‍ മദ്യത്തിന്റെ ലഭ്യത കുറച്ചു മദ്യ ഉപഭോഗം കുറയ്ക്കലാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയം.

ഇതിന്റെ ഭാഗമായി ബാറുകള്‍ പൂട്ടി, ഓരോ വര്‍ഷവും ബവ്‌റിജസ് കോര്‍പറേഷന്റെ 10% വില്‍പന ശാലകള്‍ നിര്‍ത്തലാക്കി, 10 വര്‍ഷം കൊണ്ടു സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കും. യുഡിഎഫിന്റെ മദ്യനയം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ടു തുപ്പാനും കഴിയാത്ത അവസ്ഥയില്‍ ഇടതുമുന്നണിയെ കൊണ്ടെത്തിച്ചെന്ന് അവരുടെ നേതാക്കളുടെ പ്രസ്താവനകളില്‍ നിന്നു വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ സമ്പൂര്‍ണ ആധിപത്യത്തിനു വേണ്ടി നിലകൊള്ളുന്ന സിപിഎം ഇന്നു ബാറുടമകള്‍ക്കു വേണ്ടിയാണ് പോരാടുന്നത്. ബാറുകള്‍ പൂട്ടിയതിന്റെ പേരില്‍ ഈ സര്‍ക്കാരിനു വലിയ വില കൊടുക്കേണ്ടി വന്നു. സൂപ്രീം കോടതിവരെ ബാറുടമകള്‍ പോയെങ്കിലും സര്‍ക്കാരിന്റെ ഭാഗമാണ് ജയിച്ചത്.

ഒടുവില്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള നടപടികളുമായി ബാറുടമകള്‍ മുന്നോട്ടു പോയി. സര്‍ക്കാരിനു പ്രതിസന്ധി സൃഷ്ടിച്ചു. അതിനെയെല്ലാം സര്‍ക്കാര്‍ അതിജീവിച്ചു. ഒരു ദിവസം പോലും ഭരണം തടസ്സപ്പെട്ടില്ല. രാഷ്ട്രീയ സ്ഥിരത ഈ സര്‍ക്കാര്‍ കാണിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനു വിരുദ്ധമായി നീങ്ങുന്നവര്‍ക്ക് ജനങ്ങള്‍, പ്രത്യേകിച്ചു വീട്ടുമ്മമാര്‍ ഈ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ബേപ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Top