കേരള-കര്‍ണാടക അന്തര്‍ സംസ്ഥാന സര്‍വിസ് പുനരാരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ കേരള കര്‍ണാടക പൊതുഗതാഗതം പുനരാരംഭിക്കുന്നു. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടകയും അറിയിച്ചു. അടുത്ത തിങ്കളാഴ്ച്ച മുതല്‍ സര്‍വീസുകള്‍ നടത്തും. കൂടുതല്‍ യാത്രക്കാരുള്ള പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് തീരുമാനം.

യാത്രക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതുകയും വേണം. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ 72 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കരുതണം. നിത്യേന യാത്ര ചെയ്യന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍. ടി. പി. സി. ആര്‍ പരിശോധന നടത്തണമെന്നും നിര്‍ദ്ദേശം ഉണ്ട്.

കേരളം സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്ന് നേരത്തെ കര്‍ണാടകയെ അറിയിച്ചിരുന്നു. കേരളത്തിലും കര്‍ണ്ണാടകത്തിലും കൊവിഡ് നിയന്ത്രങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കേരള കര്‍ണ്ണാടക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ജൂലൈ 12 മുതല്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാണെന്ന് കര്‍ണ്ണാടക സര്‍ക്കാരിനെ അറിയിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

കര്‍ണ്ണാടകത്തില്‍ നിന്നുള്ള മറുപടി കൂടി ലഭിച്ച സാഹചര്യത്തില്‍ സര്‍വ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സര്‍വ്വീസുകളാണ് കോഴിക്കോട് കാസര്‍ഗോഡ് വഴി കെഎസ്ആര്‍ടിസി നടത്തുക. ഇതേ റൂട്ട് വഴിയുള്ള സര്‍വ്വീസുകളായിരിക്കും കര്‍ണ്ണാടക റോഡ് കോര്‍പ്പറേഷനും നടത്തുക.

Top