കലോത്സവത്തിൽ മൂന്നാം ദിനവും കണ്ണൂരിന്റെ കുതിപ്പ്; കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം

കൊല്ലം : സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനം പിന്നിടുമ്പോൾ ചാമ്പ്യൻപട്ടത്തിനുള്ള കുതിപ്പിൽ കണ്ണൂർ മുന്നിൽ. കഴിഞ്ഞതവണ കിരീടം ചൂടിയ കോഴിക്കോടും പാലക്കാടും തമ്മിൽ മാറിയും മറിഞ്ഞും ചിലപ്പോൾ ഒപ്പത്തിനൊപ്പവും കണ്ണൂരിനു പിന്നാലെത്തന്നെയുണ്ട്‌. ആതിഥേയരുടെ ആവേശത്തോടെ കൊല്ലവും മുന്നേറുന്നുണ്ട്.

ശനി വൈകിട്ടുവരെ എച്ച്എസ്, ഹയർ സെക്കൻഡറി വിഭാ​ഗങ്ങളിൽ 68 ഇനങ്ങളുടെവീതം ഫലമാണ് പ്രഖ്യാപിച്ചത്.‌ എച്ച്എസ് സംസ്കൃതോത്സവത്തിൽ അഞ്ചിനങ്ങളിലും അറബിക് കലോത്സവത്തിൽ ആറിനങ്ങളിലും ഫലം വരാനുണ്ട്. സംസ്കൃതോത്സവത്തിൽ കൊല്ലം, തൃശൂർ, പാലക്കാട് എന്നിവർ ഒപ്പത്തിനൊപ്പമാണ്. അറബിക്‌ കലോത്സവത്തിൽ കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൾ ഒപ്പമാണ്.

സ്കൂളുകളിൽ‌ നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് ആലത്തൂർ ബിഎസ്എസ് ​ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ഏറെ മുന്നിലാണ്. തിരുവനന്തപുരം വഴുതക്കാട് കാർമൽ എച്ച്എസ്എസും പത്തനംതിട്ട കിടങ്ങന്നൂർ എസ്‍വിജിവിഎച്ച്എസ്എസുമാണ് രണ്ടാംസ്ഥാനത്ത്‌. കുച്ചിപ്പുടി, തിരുവാതിരകളി, ചവിട്ടുനാടകം, വട്ടപ്പാട്ട്, ദഫ്മുട്ട്, ഭരതനാട്യം, നാടോടിനൃത്തം, ഒപ്പന, കേരളനടനം, പരിചമുട്ട്, മിമിക്രി, മോണോ ആക്ട്, തുള്ളൽ, കഥകളി, മൈം തുടങ്ങിയ ജനപ്രിയ ഇനങ്ങളാണ് ശനിയാഴ്ച നടന്നത്.

പോയിന്റ് നില (ശനി രാത്രി 10 വരെ)

കണ്ണൂർ 656
കോഴിക്കോട് 643
പാലക്കാട് 643
തൃശൂർ 626
കൊല്ലം 620
മലപ്പുറം 615
എറണാകുളം 607
തിരുവനന്തപുരം 586
ആലപ്പുഴ 577
കാസർകോട് 569
കോട്ടയം 563
വയനാട് 537
പത്തനംതിട്ട 503
ഇടുക്കി 485

Top