കേരളത്തില്‍ തൊഴില്‍ ഇല്ലായ്മ രൂക്ഷം; 10.67% പേരും തൊഴില്‍ രഹിതര്‍

തിരുവനന്തപുരം: കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ദേശീയ ശരാരശരിയെക്കാള്‍ നാലര ശതമാനം കൂടി 10.67 ശതമാനമായി കേരളത്തിലെ തൊഴിലില്ലായ്മയുടെ കണക്ക്. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കണക്കെടുപ്പിലാണ് തൊഴിലില്ലായ്മയുടെ കാര്യത്തില്‍ കേരളത്തിന്റെ ദയനീയചിത്രം വെളിപ്പെട്ടത്. 6.1 ശതമാനമാണ് ദേശീയ ശരാശരി. ദേശീയതലത്തില്‍ കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നാമതാണ് കേരളത്തിന്റെ സ്ഥാനം.

ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ കേരളത്തെക്കാള്‍ മുന്നിലുള്ളത്. ത്രിപുരയില്‍ 19.7 ശതമാനവും സിക്കിമില്‍ 18.1 ശതമാനവുമാണ്. തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണ് ദേശീയ ശരാശരി.

2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. ഇതില്‍ 35.63 ലക്ഷംപേര്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ തൊഴില്‍രഹിതരായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് മാനദണ്ഡമാക്കിയാണ് തൊഴിലില്ലാത്തവരുടെ തോത് നിശ്ചയിച്ചിട്ടുള്ളത്.

അതേസമയം, സംസ്ഥാനത്ത് 35.63 ലക്ഷം പേര്‍ തൊഴിലിനായി എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളില്‍ പേര് നല്‍കിയിട്ടുണ്ടെങ്കിലും വിദേശത്തും സ്വകാര്യ മേഖലയിലുമായി ജോലി ചെയ്യുന്നവരാണ് പലരും. അത് പരിഗണിക്കാതെയാണ് തൊഴിലിലായ്മ നിരക്ക് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇവരിലെല്ലാവരും തൊഴില്‍രഹിതരാണെന്ന് അര്‍ഥമില്ലെന്ന് റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് മന്ത്രി ടി.പി. രാമകൃഷ്ണന്‍, നിയമസഭയെ അറിയിച്ചു.

Top