സംസ്ഥാനത്തെ ജയില്‍ പുള്ളികള്‍ക്കും ഇനി ആധാര്‍: 8000-പേരെ ഒരു കുട കീഴില്‍ നിര്‍ത്തുകയെന്നത് ലക്ഷ്യം

തിരുവനന്തപുരം : ഇനി തടവുകാരനെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ല, ജയിലിലെ തടവുകാര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.

സംസ്ഥാനത്തെ മുഴുവന്‍ തടവുകാരേയും ആധാറിന്റെ കീഴില്‍ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്.

വിവിധ ജയിലില്‍ കഴിയുന്ന തടവുകാരെ ആധാറിന്റെ പേരില്‍ ഒരു കുടകീഴില്‍ കൊണ്ടു വരാന്‍ ഇതുമൂലം സാധിക്കും. 3500 ലേറെ വരുന്ന തടവുകാരെ ഒന്നിച്ചുകൊണ്ടു വരിക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

ഇതുമൂലം പല സാമൂഹിക പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഇതോടെ തടവു ചാടുന്ന പ്രതികളെ വ്യക്തമായി അന്വേഷിക്കാനും കണ്ടെത്താനും സാധിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

തടവുകാരുടെ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാലും അവരുടെ വിവരങ്ങള്‍ ഡാറ്റാബാങ്കില്‍ നിലനിര്‍ത്താനും പദ്ധതിയുണ്ട്. ഇതിനോടകം തന്നെ വിവിധ ജയിലുകളില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂജപ്പുര ജയിലില്‍ ആധാര്‍ കാര്‍ഡ് നടപ്പിലാക്കാനുള്ള പ്രാരംഭ നടപടി തുടങ്ങി. ആധാര്‍ കാര്‍ഡ് തടവുകാരുടെ മോചനത്തിനും, മറ്റ് നേട്ടങ്ങള്‍ക്കും ഉപകാര പ്രദമാകുമെന്നും ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ പറഞ്ഞു.

ജയില്‍ പരിസരങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റ് സംവിധാനം പരമാവധി നടപ്പിലാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം ജയിലിലെ തടവുകാരുടെ എണ്ണം വ്യക്തമല്ലെന്ന് ഡിജിപി പറഞ്ഞു.

ആധാര്‍ കാര്‍ഡ് ഇല്ലാത്ത തടവുകാരുടെ പട്ടിക ഒരോ ജയിലിലേയും അധികൃതര്‍ തയാറാക്കും. തടവുകാരുടെ വീടുമായി ബന്ധപ്പെട്ട് അവരുടെ പൂര്‍ണ വിവരങ്ങളും സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ശേഖരിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും ഡിജിപി പറഞ്ഞു.

ജയില്‍ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം അക്ഷയ കേന്ദ്രവും പദ്ധതിയില്‍ പങ്ക് ചേരും. ബയോമെട്രിക് ഫിംഗര്‍ പ്രിന്റ്, സ്‌കാനര്‍, കാമറ തുടങ്ങി സഹായങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നടപ്പാക്കുമെന്നും അധ്കൃതര്‍ അറിയിച്ചു.

കേരളത്തിലെ വിവിധ ജയിലുകളില്‍ 8000-ത്തോളം തടവുകാരുണ്ടെന്നാണ് ഏകദേശ കണക്ക്. മൂന്ന് സെന്‍ട്രല്‍ ജയിലുകള്‍, 11 ജില്ലാ ജയിലുകള്‍,16 സബ് ജയിലുകള്‍, 16 സ്‌പെഷല്‍ ജയിലുകള്‍ മൂന്നു വനിത ജയിലുകള്‍ എന്നിവയാണ് കേരളത്തിലുള്ളത്.

Top