കേന്ദ്ര സർക്കാറിനെതിരെ കേരളം തുറന്ന പോരിന്, നിയമപരവും അല്ലാത്തതുമായ ഏറ്റുമുട്ടലിന് തയ്യാറെന്ന് !

കേരളത്തിന്റെ വാർഷിക വായ്പ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേരള സർക്കാർ സുപ്രിംകോടതിയെ സമീപിക്കും. ഇതൊരു അനിവാര്യ നടപടിയായാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പ്രതിസന്ധി മറികടക്കാൻ വ്യവഹാരത്തിനു പുറത്തുള്ള എല്ലാ മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്താൻ സംസ്ഥാനം ശ്രമിച്ചെങ്കിലും അതു ഫലവത്തായിരുന്നില്ല.. പ്രധാനമന്ത്രിക്കു നൽകിയ വിശദമായ മെമ്മോറാണ്ടത്തിനുള്ള മറുപടിയും സർക്കാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതോടെ സ്വതന്ത്ര ഇന്ത്യയിൽ ഫെഡറൽ സംവിധാനം സംബന്ധിച്ച ഏറ്റവും സുപ്രധാനമായ നിയമയുദ്ധമാണ് നടക്കാൻ പോവുന്നത്.

നടപ്പുവർഷം ഫിനാൻസ് കമ്മീഷൻ തീർപ്പു പ്രകാരം കേരളത്തിന് സംസ്ഥാന ജിഡിപിയുടെ 3 ശതമാനം വായ്പയെടുക്കാൻ അവകാശമുണ്ട്. ഇത് പാർലമെന്റ് അംഗീകരിച്ച ആക്ഷൻ ടേക്കൺ റിപ്പോർട്ടിലും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കേരളത്തിന് 2 ശതമാനം വായ്പയെടുക്കാനുള്ള അവകാശമേയുള്ളൂവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇത്തരത്തിൽ കേന്ദ്ര സർക്കാരിനു വായ്പാ പരിധി വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടോ എന്നതാണു ചോദ്യം. അതു തന്നെയാണ് കേരളവും ഉയർത്തുന്നത്.

13-06-2023-ന് കേരള സർക്കാർ ഇറക്കിയ ഉത്തരവു പ്രകാരം സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സുപ്രിംകോടതിയെ സമീപിക്കുന്നതിനും ശ്രീ. കെ.കെ. വേണുഗോപാലിനെ നിയമോപദേശത്തിനു സമീപിക്കുന്നതിനും അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

കിഫ്ബി എടുക്കുന്ന വായ്പ ഓഫ് ബജറ്ററി വായ്പയാണെന്ന് അംഗീകരിച്ചാൽപ്പോലും അത് എങ്ങനെ സർക്കാരിന്റെ പൊതുകടത്തിന്റെ ഭാഗമാകും എന്ന ചോദ്യമാണ് സർക്കാർ ഉയർത്തുന്നത്. കേന്ദ്ര സർക്കാരിന്റെ ഓഫ് ബജറ്ററി വായ്പകൾ കേന്ദ്രത്തിന്റെ പൊതുകടത്തിലോ ധനക്കമ്മിയിലോ ഉൾപ്പെടുത്തുന്നില്ല. കേന്ദ്രത്തിന്റെ ഈ ഇരട്ടത്താപ്പ് നയം കേരളത്തിന്റെ അന്യാദൃശ്യമായ കുതിപ്പിനെ അട്ടിമറിക്കാനുള്ള ഒരു കുത്സിത നീക്കമാണെന്നാണ് സി.പി.എം നേതൃത്വവും ആരോപിക്കുന്നത്.

കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ഇപ്പോഴുള്ള പ്രധാന പ്രശ്നം, ഇന്ന് നിർമ്മാണത്തിലിരിക്കുന്ന സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രി കെട്ടിടങ്ങൾ, വലിയ റോഡുകൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ, ഇൻഡസ്ട്രിയൽ പാർക്കുകൾ, പുതിയ വൈദ്യുതി ട്രാൻസ്മിഷൻ ലൈൻ, കെ-ഫോൺ തുടങ്ങിയ പദ്ധതികൾ കേരളത്തിന് ഇന്ന് വേണോ വേണ്ടയോ എന്നുള്ളതാണ് എന്നാണ് സി.പി.എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രം പറയുന്നത് യൂസർഫീക്ക് അനുവാദം നൽകിയെന്നും, ഇവയുടെയെല്ലാം നിർമ്മാണം കോർപ്പറേറ്റുകളെ ഏൽപ്പിക്കണം എന്നുള്ളതുമാണ്. ഇതാണോ യുഡിഎഫിന്റെ നിലപാട് എന്നാണ് സി.പി.എം. ചോദിക്കുന്നത്. സംസ്ഥാനത്തിന്റെ ഉത്തമതാല്പര്യത്തെ ബിജെപിയും യുഡിഎഫും കേന്ദ്രത്തിന് അടിയറവയ്ക്കുകയാണെന്നും പാർട്ടി നേതാക്കൾ തുറന്നടിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ധനപരമായ അവകാശം ഇന്നത്തെ കേരളത്തിലെ ഏറ്റവും സുപ്രധാന രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുകയാണ്. കേരളം കടക്കെണിയിലാണെന്നും, മറ്റും രണ്ട് വർഷമായി നടക്കുന്ന അടിസ്ഥാനരഹിതമായ ദുഷ്പ്രചാരണം, കേരളത്തിന്റെ പ്രതിരോധത്തെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സി.പി.എം നേതൃത്വം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും തിരിച്ചെത്തിയാൽ, ഇടതുപക്ഷ മുന്നണിയുടെ യോഗം വിളിച്ചു ചേർത്ത് കേന്ദ്ര സർക്കാറിനെതിരെ ശക്തമായി മുന്നോട്ടു പോകുവാനാണ് തീരുമാനം.

തമിഴ് നാട്ടിലെ കേന്ദ്ര ഏജൻസിയുടെ ഇടപെടലും മന്ത്രിയുടെ അറസ്റ്റുമെല്ലാം ഗൗരവമായി തന്നെയാണ് കേരള സർക്കാറും ഇടതു നേതൃത്വവും നോക്കി കാണുന്നത്. കേന്ദ്ര ഏജൻസികൾ കേരളത്തിൽ സാഹസത്തിനു മുതിർന്നാൽ സ്വീകരിക്കേണ്ട നിലപാടുകളും യോഗം ചർച്ച ചെയ്യും. കേന്ദ്ര സർക്കാറുമായുള്ള എത് തരത്തിലുള്ള ഏറ്റുമുട്ടലും രാഷ്ട്രീയമായി ഇടതുപക്ഷത്തിനു ഗുണം ചെയ്യുമെന്നാണ് സി.പി.എം. നേതാക്കൾ വിലയിരുത്തുന്നത്.

Top