ബിജെപിക്ക് വളരാന്‍ പറ്റിയ മണ്ണല്ല കേരളം; പിണറായി

കണ്ണൂര്‍: കേരളത്തെ കുറിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ വ്യാജ ചിത്രം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറപ്പായിട്ടും ജയിക്കുമെന്ന് പറയാന്‍ ബിജെപിക്ക് ഒരു സീറ്റില്ല. കഴിഞ്ഞ തവണ കിട്ടിയ വോട്ടു പോലും ബിജെപിക്ക് ഇത്തവണ കിട്ടില്ല. ഇത് അവരുടെ അഖിലേന്ത്യ നേതാക്കള്‍ മനസ്സിലാക്കണം. ബിജെപിക്ക് വളരാന്‍ പറ്റിയ മണ്ണല്ല കേരളമെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസ് സഹായിച്ചതു കൊണ്ടാണ് കഴിഞ്ഞ തവണ നേമത്ത് ബിജെപി ജയിച്ചത്. ആ അക്കൗണ്ട് എല്‍ഡിഎഫ് ഇത്തവണ ക്ലോസ് ചെയ്യും. പ്രധാനമന്ത്രി അടക്കം വന്നിട്ടും സംഘപരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാന്‍ കഴിയാതിരുന്നത് ഇടതുപക്ഷം ശക്തമായത് കൊണ്ടാണ്. വികസന കാര്യങ്ങളില്‍ ഒപ്പം നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ വികസനത്തിന് കേന്ദ്രം തുരങ്കം വെക്കുകയാണ്.

അങ്ങനെയുള്ളവര്‍ ഇവിടെ വന്ന് വികസന പ്രസംഗം നടത്തിയാല്‍ ജനം അത് തിരിച്ചറിയും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തെ മോദി സൊമാലിയയോട് ഉപമിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. കേരളത്തെ എപ്പോഴും ഇകഴ്ത്തി കാട്ടാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. വര്‍ഗീയതക്ക് കീഴ്‌പ്പെടുന്നില്ല എന്നതാണ് കേരളത്തിന്റെ പ്രത്യേകത. അത്തരമൊരു സംസ്ഥാനത്തെ പാഠം പഠിപ്പിക്കാം, ശിക്ഷിക്കാം എന്നാണ് അവരുടെ നിലപാട്. അതിനുള്ള ശ്രമമാണ് സംഘപരിവാര്‍ എല്ലാ കാലത്തും നടത്തിയത്.

കൊവിഡ് വ്യാപനം സംബന്ധിച്ച് രാജ്യത്ത് സവിശേഷ സാഹചര്യമാണ് നിലവിലുള്ളത്. കൂടുതല്‍ പേര്‍ രോഗികളാകുന്നതില്‍ നമ്മുടെ രാജ്യം അമേരിക്കയെ പിന്തള്ളി. കേരളത്തില്‍ കഴിഞ്ഞാഴ്ച ഉണ്ടായതിനേക്കാള്‍ രോഗികള്‍ ഈ ആഴ്ച ഉണ്ടായി. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം മുന്നറിയിപ്പായി എടുക്കണം. കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണം. നമ്മുടെ പ്രതിരോധം ഫലപ്രദമായിരുന്നു. വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണം. വാക്‌സിനേഷന്റെ വേഗം ഇനിയും വര്‍ദ്ധിക്കുമെന്നും പിണറായി പറഞ്ഞു.

 

Top