എസ്‌സി-എസ്ടി നിയമം ദുര്‍ബ്ബലപ്പെടുത്തിയ വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍

supreame court

ന്യൂഡല്‍ഹി : എസ്‌സി-എസ്ടി നിയമം ദുര്‍ബ്ബലപ്പെടുത്തിയ വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കി. കോടതി വിധി എസ്‌സി-എസ്ടി വിഭാഗക്കാര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് വിധിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിധി പട്ടിക ജാതി പട്ടികവര്‍ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള സംവിധാനങ്ങളെ തകര്‍ക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നിയമത്തിലെ 18 ആം വകുപ്പ് മൌലികാവകാശങ്ങളുടെ ലംഘനമല്ലെന്ന് സുപ്രിം കോടതി തന്നെ പല തവണ വ്യക്തമാക്കിയതാണ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എതിരെയുണ്ടാകുന്ന ബലാത്സംഗം, പീഡനം, കൊലപാതകം, ആസിഡ് ആക്രമണം അടക്കമുള്ളവയില്‍ അടിയന്തിരമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കേണ്ടതുണ്ട്. എന്നാല്‍ സുപ്രീം കോടതി പുറപ്പടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ഇരകളെ ഭീഷണിപ്പെടുത്താനും ശരിയായ അന്വേഷണം തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപ്പരിശോധന ഹര്‍ജിയില്‍ പറയുന്നു. വിധി സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി ഇത് വരെ അംഗീകരിച്ചിട്ടില്ല.

നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ കാരണക്കാരാകരുത് എന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് 20 ന് സുപ്രീം കോടതി എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം നടപ്പാക്കാന്‍ മാര്‍ഗ്ഗരേഖ ഇറക്കി വിധി പുറപ്പെടുവിച്ചത്.

Top