സി.എ.എയ്ക്ക് എതിരെ കേരളം കോടതിയിൽ, എന്തു കൊണ്ട് കോൺഗ്രസ്സ് ഭരിക്കുന്ന സർക്കാറുകൾ പോകുന്നില്ല ?

പൗരത്വ ഭേദഗതി നിയമം അതായത് സി.എ.എ നടപ്പാക്കുന്ന മോദീ ഭരണകൂടത്തിനെതിരെ രാജ്യത്ത് ആദ്യമായി സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനമായി കേരളം ഇപ്പോള്‍ മാറിയിരിക്കുകയാണ്. സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിഎഎ സംബന്ധിച്ച് അടിയന്തര നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. നിയമനടപടികള്‍ക്ക് അഡ്വക്കറ്റ് ജനറലിനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നീക്കങ്ങളും ഉണ്ടായിരിക്കുന്നത്. സി.എ.എ നടപ്പാക്കുന്നതിനെതിരെ മുസ്ലീം ലീഗും,കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ്സ് ഭരിക്കുന്ന കര്‍ണ്ണാടക,തെലങ്കാന,ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ സംസ്ഥാന ഭരണകൂടങ്ങള്‍ സി.എ.എ നിയമം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം. ലോകസഭയില്‍ സി.എ.എ നടപ്പാക്കുന്നതിനെതിരെ ലീഗിന്റെ രണ്ട് എം.പിമാരും കോണ്‍ഗ്രസ്സ് അംഗങ്ങളും ശക്തമായ നിലപാട് സ്വീകരിച്ചു എന്ന് അവകാശപ്പെടുന്ന ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ എന്തുകൊണ്ടാണ് അവരുടെ പ്രധാന ഘടകകക്ഷിയായ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കാത്തത് എന്നതിനാണ് ആദ്യം മറുപടി പറയേണ്ടത്.

ഇടതുപക്ഷ സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിക്കുന്നതിനു മുന്‍പ് തന്നെ ഡി.വൈ.എഫ്.ഐയും സി.പി.ഐയും സി. എ.എ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട് എന്നതും ലീഗ് നേതാവ് ഓര്‍ക്കണം. ലീഗും രമേശ് ചെന്നിത്തലയും ആത്മാര്‍ത്ഥമായ ഒരു നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിക്കുന്നതെങ്കില്‍ ആദ്യം അവര്‍ ചെയ്യേണ്ടിയിരുന്നത് കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളെ കൊണ്ട് ഹര്‍ജി കൊടുപ്പിക്കുക എന്നതാണ്. എന്നാല്‍ അത്തരം ഒരു നിലപാട് ലീഗും ചെന്നിത്തലയും സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസ്സ് വര്‍ക്കിങ്ങ് കമ്മറ്റിയിലെ വെറും ഒരു ക്ഷണിതാവ് മാത്രമായ ചെന്നിത്തല നല്‍കിയ ഹര്‍ജിയെ പബ്ലിസിറ്റി സ്റ്റണ്ടായി മാത്രമേ വിലയിരുത്താനും സാധിക്കുകയൊള്ളൂ.

പൗരത്വ ഭേദഗതി നിയമത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിരോധം തീര്‍ത്തത് ഇടതുപക്ഷമാണ്. രാജ്യത്ത് ആദ്യമായി സി.എ.എക്ക് എതിരെ പ്രമേയം പാസാക്കിയ സംസ്ഥാനവും ഇടതുപക്ഷ കേരളമാണ്. രാജ്യത്ത് ഏറ്റവും അധികം ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ചതും ഇടതുപാര്‍ട്ടികളാണ്. ഇടതുപക്ഷം കേരളത്തില്‍ സംഘടിപ്പിച്ച മനുഷ്യ ശൃംഖലയില്‍ 80 ലക്ഷത്തോളം പേരാണ് പങ്കെടുത്തിരുന്നത്. ഈ സമരത്തിന് പാരവയ്ക്കാന്‍ ശ്രമിച്ച മുന്നണിയാണ് യു.ഡി.എഫ്. മനുഷ്യ ശ്യംഖലയില്‍ പങ്കെടുത്തതിന് സ്വന്തം പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ മുസ്ലീംലീഗ് പുറത്താക്കിയത് ആര് മറന്നാലും ഇടി മുഹമ്മദ് ബഷീര്‍ മറക്കരുത്.

സി.എ.എക്ക് എതിരെ ഡല്‍ഹിയില്‍ പ്രതിഷേധം കനത്തപ്പോള്‍ കോണ്‍ഗ്രസ്സ് എം.പിമാരുടെ പൊടി പോലും അവിടെ ആരും കണ്ടിട്ടില്ല. ഡല്‍ഹിയിലും മുംബൈയിലും യു.പിയിലും ഉള്‍പ്പെടെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത് ഇടതു സംഘടനകളാണ്. ഡല്‍ഹി സര്‍വ്വകലാശാലാ യൂണിയന്‍ ഭാരവാഹി കൂടിയായ എസ്.എഫ്.ഐ നേതാവിന്റെ തല അടിച്ച് പൊട്ടിച്ചത് സംഘപരിവാറുകാരാണ്. നിരവധി എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് മുന്‍പ് നടന്ന ആ പ്രക്ഷോഭത്തില്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായിരുന്നത്. മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുകൂടിയായ മുഹമ്മദ് റിയാസിനെ ഡല്‍ഹിയിലും മുംബൈയിലും പൊലീസ് അറസ്റ്റ് ചെയ്തത് സി.എ.എക്ക് എതിരായ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതിനാണ്. അവിടെയൊന്നും ഒരു യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെയും രാജ്യം കണ്ടിട്ടില്ല.

ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ രക്ഷകരായി എത്തിയതും ഇടതുപക്ഷ നേതാക്കള്‍ മാത്രമാണെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഈ വിഷയത്തിലൊക്കെ മുഖ്യമന്ത്രി പറഞ്ഞതു പോലെ കോണ്‍ഗ്രസ്സ് നേതൃത്വം കുറ്റകരമായ മൗനമാണ് പുലര്‍ത്തിയിരിക്കുന്നത്. സിഎഎ സമരങ്ങളില്‍ കോണ്‍ഗ്രസ് ഒരിടത്തും ഉണ്ടായിരുന്നില്ല. മറിച്ചാണ് അഭിപ്രായമെങ്കില്‍ ഡല്‍ഹി പോലീസിന്റെ കുറ്റപത്രങ്ങളില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേരെങ്കിലും വി.ഡി സതീശനും ലീഗ് നേതാക്കളും കാണിക്കണം. സി.എ.എ വിഷയത്തില്‍ ദേശീയ തലത്തില്‍ ഉറച്ച ഒരു നിലപാട് ഇതുവരെ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ല.രാഹുല്‍ ഗാന്ധി ഇങ്ങനെ ഒരു വിഷയം അറിഞ്ഞതായി പോലും നടിച്ചിട്ടില്ല. ലീഗിന്റെയും ചെന്നിത്തലയുടെയും സതീശന്റെയും അഭിപ്രായമാണ് രാഹുല്‍ ഗാന്ധിക്ക് ഉള്ളതെങ്കില്‍ അത് പറയാന്‍ അദ്ദേഹം എന്തിനാണ് മടിക്കുന്നത് ഇതിനുള്ള മറുപടി കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷനാണ് ഇനി പറയേണ്ടത്.

ആര്‍എസ്എസ് ലക്ഷ്യങ്ങളിലേക്കുള്ള പാലമായാണ് സിഎഎയെ സി.പി.എമ്മും മറ്റു ഇടതുപാര്‍ട്ടികളും നോക്കി കാണുന്നത്. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നാണ് സി.പി.എം ആരോപിച്ചിരിക്കുന്നത്. സിഎഎ എന്നത് ഇന്ത്യ എന്ന ആശയത്തിന് തന്നെ വെല്ലുവിളിയാണെന്നും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും അവര്‍ പറയുമ്പോള്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഇടതുപക്ഷത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത് യു.ഡി.എഫിന് തിരിച്ചടിയാവുമെന്ന തിരിച്ചറിവിലാണ് ലീഗ് – കോണ്‍ഗ്രസ്സ് നേതാക്കള്‍ പുതിയ അടവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. വി.ഡി സതീശന്റെയും ഇടി മുഹമ്മദ് ബഷീറിന്റെയും പ്രതികരണങ്ങേളില്‍ നിന്നും വ്യക്തമാക്കുന്നതും അതു തന്നെയാണ്.

EXPRESS KERALA VIEW

Top