kerala is group name ansar ul ghalifa

കൊച്ചി :ഐ.എസിന്റെ കേരള ഘടകമായി പ്രവര്‍ത്തിച്ച സംഘടനയുടെ പേര് അന്‍സാര്‍ ഉള്‍ ഖലീഫ എന്നാണെന്ന് എന്‍.ഐ.എ കണ്ടെത്തി.

കൊച്ചിയില്‍ ജമാ അത്തെ ഇസ്ലാമി സമ്മേളനവേദിയിലേക്ക് ലോറി ഇടിച്ചുകയറ്റാന്‍ ശ്രമിച്ചതും ഇവരാണെന്ന് വ്യക്തമായി. അറസ്റ്റിലായ ആറു യുവാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ അയച്ച സന്ദേശങ്ങളും കണ്ടെടുത്തു.

ടെലഗ്രാമില്‍ തീവ്രവാദചര്‍ച്ചകള്‍ക്കായി പ്രത്യേക ഗ്രൂപ്പുണ്ടാക്കിയത് എട്ടു മാസം മുമ്പായിരുന്നു.സമീര്‍ അലിയെന്ന വ്യാജ പേരില്‍ അവതരിച്ച കണ്ണൂര്‍ സ്വദേശി മന്‍സീദാണ് സംഘത്തലവന്‍.

ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഈ ഗ്രൂപ്പിലേക്ക് വ്യാജ വിലാസത്തില്‍ അപേക്ഷ അയച്ചു നുഴഞ്ഞുക്കയറി. ഓരോ ദിവസത്തെ ആശയവിനിമയങ്ങളും നിരീക്ഷിച്ചു. ഈ ഗ്രൂപ്പിലുള്ള ഓരോരുത്തരേയും പിന്‍തുടര്‍ന്നു. ഇതിനിടെ, കൊച്ചിയിലെ സമുദായ സമ്മേളനത്തിലേക്ക് ടിപ്പര്‍ ലോറിയിടിച്ചു കയറ്റാന്‍ ഇവര്‍ ചര്‍ച്ച ചെയ്തു.

ഇതു തടയാന്‍ രഹസ്യാന്വേഷണ വിഭാഗം ഇടപ്പെട്ടതോടെ ടെലഗ്രാം ഗ്രൂപ്പ് നിശ്ചലമായി. മാത്രവുമല്ല, കേരളത്തിലെ നാലു ഉന്നതരെ വധിക്കാന്‍ പദ്ധതിയിട്ടതും ഇതേഗ്രൂപ്പില്‍തന്നെ. പിന്നെ, ഗ്രൂപ്പിലെ ഒറ്റുക്കാരന്‍ ആരാണെന്ന് തിരിച്ചറിയാനായി ശ്രമം. ഇതിനായി, പരസ്പരം നേരില്‍ കണ്ടുസംസാരിക്കാന്‍ ഇവര്‍ തീരുമാനിച്ചു. ഇതിനായി, കണ്ടെത്തിയ സ്ഥലം കണ്ണൂര്‍ കനകമലയായിരുന്നു. ഈ വിവരവും എന്‍.ഐ.എ ചോര്‍ത്തി.

ചാറ്റിങ് ഗ്രൂപ്പില്‍ മൊത്തം പന്ത്രണ്ടുപേരാണ് അംഗങ്ങള്‍. എല്ലാവരും മലയാളികള്‍. ഇവരില്‍, പകുതി പേര്‍ രാജ്യത്തിന് പുറത്താണ്. ഉറിയില്‍ ഭീകരാക്രമണം നടന്ന ദിവസം ഇന്ത്യന്‍ സൈന്യത്തിനെതിരെ പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ തെളിവായി കണ്ടെടുത്തു. ഇന്ത്യന്‍ ജനാധിപത്യത്തിനും മതതേരരാഷ്ട്രത്തിനും എതിരാണ് ഓരോസന്ദേശങ്ങളും.

അതേസമയം, കണ്ണൂര്‍ കനകമലയിലെ റെയ്ഡിനും അറസ്റ്റിനും പിന്നാലെ ഐഎസ് ബന്ധം സംശയിക്കുന്ന നാലുപേര്‍ കൂടി തമിഴ്‌നാട്ടില്‍ പിടിയിലായി . കോയമ്പത്തൂരിലെ ഉക്കടം ജിഎം കോളനിയില്‍ നിന്നു മൂന്നുപേരെയും തിരുനല്‍വേലിയില്‍ നിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്.

ഇതോടെ ഈ കേസില്‍ പത്തുപേര്‍ അറസ്റ്റിലായി. തൊടുപുഴ സ്വദേശി സുബ്ഹാനിയാണ് തിരുനല്‍വേലിയില്‍ പിടിയിലായത്. പ്രത്യേക ചാറ്റ് ഗ്രൂപ്പ് രൂപികരിച്ച പന്ത്രണ്ടംഗ സംഘത്തെയാണ് എന്‍.ഐ.എ. തിരയുന്നത്.

അറസ്റ്റിലായവരെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. യുഎപിഎ ഉള്‍പ്പെടെ എട്ടു വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്. കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ തെളിവെടുപ്പിനായി ഇവരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം, പാനൂര്‍ കനകമലയില്‍ തീവ്രവാദസംഘം തമ്പടിച്ചതിനെക്കുറിച്ചും ഇവര്‍ക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Top