സ്ത്രീ ശാക്തീകരണത്തില്‍ ഏറ്റവും മുന്നിലാണ് കേരളം; മന്ത്രി ജെ ചിഞ്ചു റാണി

രാജ്യത്ത് സ്ത്രീ ശാക്തീകരണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. സംസ്ഥാന സര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനം ആണ് സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതില്‍ നടത്തുന്നത്. നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ വനിതാ നാടകോത്സവത്തിന്റെ ഫ്‌ലാഗ് ഓഫ് പാളയം കണ്ണിമേറ മാര്‍ക്കറ്റില്‍ നിര്‍വഹിക്കുകയായിരുന്നു ചിഞ്ചു റാണി. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ശക്തമായി മുന്നോട്ട് വരാന്‍ ഇത്തരത്തില്‍ ഉള്ള നാടകോത്സവങ്ങള്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ചണ്ഡിഗഡിലെ നാടക പ്രവര്‍ത്തക ദബീന രക്ഷിത് ഫെസ്റ്റിവല്‍ ബുക്ക് ചടങ്ങില്‍ പ്രകാശനം ചെയ്തു.

ചടങ്ങിനെ തുടര്‍ന്ന് പാളയം കണ്ണിമേറ മാര്‍ക്കറ്റ് പരിസരത്ത് വച്ച് വലിയതുറയിലെ മത്സ്യവിപണന രംഗത്തെ സ്ത്രീകളുടെ കൂട്ടായ് മയുടെ ‘ഇത് എങ്കളെ കടല്’ എന്ന തെരുവ് നാടകം അരങ്ങേറി. ഈ മാസം 29 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ദേശീയ വനിതാ നാടകോത്സവത്തില്‍ മലയാളം,ഹിന്ദി,ഇംഗ്ലീഷ്, അസമീസ് തുടങ്ങി വിവിധ ഭാഷകളിലെ 11 നാടകങ്ങള്‍ അവതരിപ്പിക്കും. ഭാരത് ഭവന്‍, സ്വാതി തിരുനാള്‍ സംഗീത കോളേജ് എന്നിവിടങ്ങളിലായി നടക്കുന്ന നാടകോത്സവത്തില്‍ വനിതാ നാടക ശില്‍പശാല, സെമിനാര്‍, പെണ്‍ കവിയരങ്ങ്, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.ഇന്ന് വൈകുന്നേരം 5.30 ന് ഭാരത് ഭവനില്‍ ശ്രീലങ്കന്‍ നാടക പ്രവര്‍ത്തക റുവാന്തി ഡെ ചിക്കേര ദേശീയ വനിതാ നാടകോത്സവം ഉദ്ഘാടനം ചെയ്യും.

Top