കേന്ദ്ര സർക്കാർ ഇടപെടലിനെതിരെ, സർവ്വ സന്നാഹമൊരുക്കി കേരളം . . .

കൈവിട്ട ഒരു കളിക്ക് തന്നെയാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തിലും നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എന്‍ രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത ശേഷം മുഖ്യമന്ത്രിയില്‍ ‘കാര്യങ്ങള്‍’ എത്തിക്കുകയാണ് ലക്ഷ്യം. ശിവശങ്കറില്‍ നിന്നും കാര്യമായി ഒരു വിവരവും ലഭിക്കാത്തതിന്റെ ക്ഷീണം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് കേന്ദ്ര ഏജന്‍സികള്‍ കരുതുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് സി.പി.എമ്മിനെ പരമാവധി പ്രതിരോധത്തിലാക്കണമെന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെയും ബി.ജെ.പിയുടെയും അജണ്ട. കേരളത്തിലെ മത്സരം ഇടതുപക്ഷവും എന്‍.ഡി.എയും തമ്മിലാണെന്ന പ്രതീതി ഉണ്ടാക്കിയാല്‍ നേട്ടം കൊയ്യാമെന്നാണ് കണക്ക് കൂട്ടല്‍.

സര്‍ക്കാറിനെതിരായ വിഷയങ്ങളില്‍ ചാടിക്കയറി ബി.ജെ.പി നേതാക്കള്‍ അഭിപ്രായം പറയുന്നതും തെരുവില്‍ പ്രതിഷേധിക്കുന്നതും പ്രതിപക്ഷ നിരയിലെ നിലവിലെ ബാലന്‍സ് തെറ്റിക്കുന്നതിന് കൂടിയാണ്. കെ.സുരേന്ദ്രനെ പേടിച്ച് അടിക്കടി പത്രസമ്മേളനം നടത്തേണ്ട ഗതികേടിലാണിപ്പോള്‍ രമേശ് ചെന്നിത്തല. പ്രതിപക്ഷം എന്ന രൂപത്തില്‍ യു.ഡി.എഫിന്റെ പ്രകടനം വേണ്ടത്ര പോരാ എന്ന അഭിപ്രായം യു.ഡി.എഫ് അണികളിലും വ്യാപകമാണ്. ഇതു തന്നെയാണ് ബി.ജെ.പിയും ആഗ്രഹിക്കുന്നത്. യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് അവകാശപ്പെടുമ്പോഴും ഒരു കാര്യം ബി.ജെ.പി നേതാക്കള്‍ക്ക് ശരിക്കും അറിയാം. അത് സി.പി.എമ്മിനെ തളര്‍ത്താതെ കേരളത്തില്‍ പച്ചതൊടില്ലെന്ന യാഥാര്‍ത്ഥ്യമാണ്.

കേരളത്തിലെ ഹിന്ദു വോട്ട് ബാങ്കില്‍ ബഹുഭൂരിപക്ഷവും സി.പി.എം അനുഭാവികളാണ്. ഇതില്‍ തന്നെ ഈഴവ സമുദായമാണ് പ്രബലര്‍. മുന്നോക്ക സംവരണം നടപ്പാക്കിയതോടെ ആ വിഭാഗവും ചുവപ്പ് സ്‌നേഹം പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. സി.പി.എമ്മില്‍ നിന്നും ഈ വിഭാഗങ്ങളെ അടര്‍ത്തിമാറ്റാതെ ഒരു മുന്നേറ്റവും ബി.ജെ.പിക്ക് കേരളത്തില്‍ സാധ്യമാവുകയില്ല. ഈഴവ സംഘടനയായ ബി.ഡി.ജെ.എസ് എന്നല്ല സാക്ഷാല്‍ വെളളാപ്പള്ളി തന്നെ കൂടെ ഉണ്ടായാല്‍ പോലും ഒരു കാര്യവുമില്ലെന്ന യാഥാര്‍ത്ഥ്യവും ബി.ജെ.പി ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ തിരിച്ചറിവില്‍ നിന്നാണ് പുതിയ ‘അജണ്ടകളും’ പിറവിയെടുത്തിരിക്കുന്നത്. അതിന്റെ ഭാഗമാണ് കേന്ദ്ര ഏജന്‍സികളുടെ പടപ്പുറപ്പാട്. എങ്ങനെ കേന്ദ്ര ഏജന്‍സികളെ ഫലപ്രദമായി ശത്രുവിനെതിരെ ഉപയോഗിക്കാം എന്നതില്‍ ഇതിനകം തന്നെ മിടുക്ക് കിട്ടിയ സര്‍ക്കാറാണ് മോദി സര്‍ക്കാര്‍.

അവര്‍ ഇവിടെ ശ്രമിക്കുന്നത് സി.പി.എമ്മിന്റെ വിശ്വാസ്യത തകര്‍ക്കുക എന്നതാണ്. അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത പാര്‍ട്ടിയാണ് സി.പി.എം. നിരവധി പ്രവര്‍ത്തകരെയും നേതാക്കളെയും ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തി മാത്രം സി.പി.എം പുറത്താക്കിയിട്ടുമുണ്ട്. ഇതെല്ലാം ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയിരിക്കുന്നതും ബി.ജെ.പി ദേശീയ നേതൃത്വമാണ്. അഴിമതി വില്ലനായി വരുമ്പോള്‍ ചെങ്കൊടിയുടെ വിശ്വാസ്യത തകരുമെന്നും ഒപ്പമുള്ള ജനവിഭാഗങ്ങള്‍ സി.പി.എമ്മിനെ കൈവിടുമെന്നുമാണ് ബി.ജെ.പി നേതൃത്വം കണക്ക് കൂട്ടുന്നത്. ലൈഫിലും കിഫ്ബിയിലും തുടങ്ങി സകല സര്‍ക്കാര്‍ പദ്ധതികളിലും സി.പി.എം നേതാക്കള്‍ക്കെതിരെയും ബി.ജെ.പി അഴിമതി ആരോപിക്കുന്നതും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നതും സി.പി.എമ്മിന്റെയും ഇടതുപക്ഷ സര്‍ക്കാറിന്റെയും വിശ്വാസ്യത തകര്‍ക്കാനാണ് പ്രതിപക്ഷം ഉപയോഗപ്പെടുത്തുന്നത്.

ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയും ഈ നീക്കത്തിന് പിന്നിലുണ്ട്. ഇതില്‍ ഒരു നീക്കമാണ് തെളിവ് സഹിതം ധനമന്ത്രി തോമസ് ഐസക്ക് പൊളിച്ചടക്കിയിരിക്കുന്നത്. കിഫ്ബിയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്നും റിസര്‍വ് ബാങ്കില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്നുമുള്ള വിവരം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയ വാട്‌സ്ആപ്പ് സന്ദേശമാണ് ധനമന്ത്രി പുറത്ത് വിട്ടിരിക്കുന്നത്. മാധ്യമങ്ങളിലെ തലക്കെട്ട് വരെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യാഗസ്ഥരാണ് നിര്‍ദേശിച്ചതെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടുകയുണ്ടായി. എന്‍ഫോഴ്‌സ്‌മെന്റിനെ സംബന്ധിച്ചും കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ചും വലിയ നാണക്കേടാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്.

ഇതിനു പുറമെ സ്വപ്നയുടെ പുറത്ത് വന്ന ശബ്ദരേഖ മുന്‍ നിര്‍ത്തിയും കടുത്ത നടപടിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുകയാണ്. ശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റിന് കുരുക്കാവുന്ന നിയമോപദേശമാണ് പൊലീസിനിപ്പോള്‍ ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയ്‌ക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് തെളിഞ്ഞാല്‍ എന്‍ഫോഴ്‌സ് മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാമെന്നതാണ് നിയമോപദേശം. പോലീസ് മേധാവിക്കാണ് ഇതു സംബന്ധിച്ച നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഒരാള്‍ക്കെതിരെ കള്ളമൊഴി നല്‍കാന്‍ പ്രേരിപ്പിക്കുന്നത് ഒരിക്കലും ഒരു ഉദ്യോഗസ്ഥന്റെ കര്‍ത്തവ്യമായി കാണാന്‍ കഴിയില്ലെന്നും അതില്‍ കേസെടുക്കാമെന്നുമാണ് നിയമോപദേശത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പ്രതിയുടെ അറിവോടെയല്ലെങ്കില്‍ പ്രതിയെ കേസില്‍ ഉള്‍പ്പെടുത്താനാകില്ലന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വപ്നയുടെ മൊഴിയാണ് ഇനി നിര്‍ണ്ണായകമാകുക. കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥരെ പ്രതിയാക്കി ചോദ്യം ചെയ്യാന്‍ കേരള പൊലീസ് തയ്യാറായാല്‍ അത് കേന്ദ്ര സര്‍ക്കാറും – സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കലാശിക്കുക. അത് ദേശീയ തലത്തിലും വലിയ പ്രതിധ്വനിയുണ്ടാക്കും. നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേന്ദ്രവുമായുള്ള ഏത് ഏറ്റുമുട്ടലും ഇടതുപക്ഷത്തിനാണ് നേട്ടമുണ്ടാക്കുക. അത്തരം സാഹചര്യത്തില്‍ മത ന്യൂനപക്ഷങ്ങളുടെ വലിയ പിന്തുണ ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ഭരണ തുടര്‍ച്ചയ്ക്കുള്ള സാധ്യതയാണ് വര്‍ദ്ധിക്കുക.

ഇടതുപക്ഷത്തിന്റെ തന്ത്രപരമായ ഇപ്പോഴത്തെ ഈ നീക്കത്തില്‍ ശരിക്കും യു.ഡി.എഫാണ് വെട്ടിലായിരിക്കുന്നത്. അവരുടെ ഉള്ള വോട്ട് ബാങ്ക് പോലും ചോര്‍ത്തുന്ന നീക്കമാണിത്. പിണറായി – മോദി ഏറ്റുമുട്ടലായി കാര്യങ്ങള്‍ മാറിമറിഞ്ഞാല്‍ പിന്നെ ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിയുമൊന്നും ചിത്രത്തില്‍ തന്നെയുണ്ടാകില്ല. മമതയുടെ പൊലീസ് കേന്ദ്ര ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്താണ് വിട്ടതെങ്കില്‍ പിണറായിയുടെ പൊലീസിന് അവരെ പ്രതിയാക്കി അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമാണ് നിലവില്‍ ഉരുത്തിരിയുന്നത്. കേന്ദ്ര ഏജന്‍സികളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് ശക്തമായി പ്രതികരിക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാറും സി.പി.എമ്മും തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ ‘അജണ്ട’ പ്രകാരം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചാല്‍ വിവരമറിയുമെന്ന മുന്നറിയിപ്പാണ് സി.പി.എം നേതൃത്വം നല്‍കിയിരിക്കുന്നത്. ഉത്തരേന്ത്യയിലെ ‘കളി’ കേരളത്തിന്റെ മണ്ണില്‍ നടക്കില്ലന്നാണ് മുന്നറിയിപ്പ്.

കേരളത്തിലെ സംഭവ വികാസങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സും ഡല്‍ഹിയിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയമപരമായും രാഷ്ട്രീയപരമായും കേന്ദ്ര നീക്കത്തെ ചെറുക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. ഇതിനായി ഏതറ്റം വരെയും പോകാന്‍ സര്‍ക്കാറും തയ്യാറാകും. സംസ്ഥാന സര്‍ക്കാറിനെ പിരിച്ച് വിട്ടാല്‍ പോലും പ്രശ്‌നമല്ലെന്ന നിലപാടിലേക്കാണ് ചെമ്പട ഇപ്പോള്‍ പോകുന്നത്. ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞാല്‍ അതിന്റെ ഗൗരവവും വളരെ വലുതാണ്. കോണ്‍ഗ്രസ്സിനെ പോലെ ഭയന്ന് മാളത്തില്‍ ഒളിക്കുന്ന ശീലം കമ്മൂണിസ്റ്റുകാര്‍ക്കില്ലാത്തതിനാല്‍ കേന്ദ്രവും ആശങ്കപ്പെടുക തന്നെ വേണം. എത്ര തവണ കേരള സര്‍ക്കാറിനെ പിരിച്ച് വിട്ടാലും എപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും പൂര്‍വ്വാധികം ശക്തിയോടെ അധികാരത്തില്‍ തിരിച്ച് വരാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസമാണ് ഇടതുപക്ഷത്തെ നയിക്കുന്നത്.

എല്ലാ കടന്നാക്രമണങ്ങളും പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ ചരിത്രമാണ് ഉള്ളതെന്നാണ് പഴയകാല കമ്യൂണിസ്റ്റ് നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. അതേസമയം ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും ‘അജണ്ടകള്‍’ തുറന്നുകാട്ടി വലിയ രൂപത്തിലുള്ള ക്യാംപയിനാണ് സി.പി.എം തുടക്കം കുറിച്ചിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തലവന്‍ എസ് കെ മിശ്രയുടെ കാലാവധി അസാധാരണമായി നീട്ടിയത് കേന്ദ്രസര്‍ക്കാര്‍ ‘അജണ്ടകള്‍’ നടപ്പാക്കാനാണെന്നാണ് പ്രധാന ആരോപണം. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടക്കുന്ന അന്വേഷണങ്ങളും സി.പി.എം അക്കമിട്ട് നിരത്തിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ആയുധമായി മാറിയെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് വിവിധ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് ഉയര്‍ത്തിക്കൊണ്ടുവന്ന കേസുകളെന്നാണ് സി.പി.എം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നത്.

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്ക് വായ്പ വിതരണവുമായി ബന്ധപ്പെട്ട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് അന്വേഷണം നടത്തിയിരുന്നത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍സിങ് ഹൂഡ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോറ എന്നിവരുടെ പേരില്‍ പഞ്ച്കുല ഭൂമി ഇടപാടിലും അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. ഉത്തര്‍പ്രദേശില്‍ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്ന് മാസം മുമ്പ് ബിഎസ്പി അധ്യക്ഷയും മുന്‍മുഖ്യമന്ത്രിയുമായ മായാവതി, സഹോദരന്‍ ആനന്ദ്കുമാര്‍ എന്നിവര്‍ക്കെതിരെ ബാങ്ക് അക്കൗണ്ടിലെ നിക്ഷേപത്തിന്റെ പേരില്‍ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചതും ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു. മായാവതിക്കെതിരെ റെയ്ഡുകളും വ്യാപകമായാണ് നടത്തപ്പെട്ടത്.

യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെതിരെ ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെതിരെ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കാലങ്ങളിലാണ് റെയ്ഡുകള്‍ക്ക് തുടക്കമിട്ടിരുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധ്രയെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് നിരന്തരം ചോദ്യം ചെയ്തിരുന്നത്. എഐസിസി ട്രഷററും മുതിര്‍ന്ന നേതാവുമായ അഹമ്മദ് പട്ടേലിനെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പും കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുകയുണ്ടായി. രാജസ്ഥാനില്‍ സര്‍ക്കാരിനെതിരായ അട്ടിമറിനീക്കങ്ങള്‍ നടക്കവെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരനെയും അടുപ്പക്കാരെയും വരെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുകയുണ്ടായി.

ജമ്മുകശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിച്ച മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ചോദ്യം ചെയ്തിരുന്നത്. മധ്യപ്രദേശില്‍ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കങ്ങള്‍ നടക്കവെ അന്നത്തെ മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ റതുല്‍ പുരിയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ലാലുപ്രസാദ് യാദവ്, തേജസ്വി യാദവ് എന്നിവരുടെ പേരിലുള്ള കേസുകള്‍ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ സജീവമാക്കിയതും കേന്ദ്ര ഏജന്‍സികളാണ്. നടപടിയിലെ കേന്ദ്ര ഏജന്‍സികളുടെ ഇരട്ടതാപ്പും ഇവിടെ വ്യക്തമാണ്. പ്രതിസ്ഥാനത്ത് ബിജെപി ആയാല്‍ ഒരു തുടര്‍ നടപടിയും ഉണ്ടാകാറില്ല.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നാരായണ്‍ റാണെയ്ക്കെതിരായ കേസിലെ അന്വേഷണം 2019ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതോടെ നിലച്ചമട്ടാണുള്ളത്. അസമിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ഹിമാന്ത ബിസ്വ സാര്‍മയുടെ പേരിലുള്ള കേസും നിലവില്‍ സജീവമല്ല. സാര്‍മ ഇപ്പോള്‍ ബിജെപി നേതാവും ധനമന്ത്രിയുമാണ്. കര്‍ണ്ണാടകയിലെ ബെല്ലാരി റെഡ്ഡി സഹോദരങ്ങള്‍ക്കെതിരായ കേസിലും ഒരു തുടര്‍ നടപടിയും കേന്ദ്ര ഏജന്‍സികള്‍ സ്വീകരിച്ചിട്ടില്ല. ബിജെപിയില്‍ ചേര്‍ന്നതോടെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ നേതാവ് മുകുള്‍ റോയിയുടെ പേരിലുള്ള കേസുകളും മരവിപ്പിച്ച അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതെല്ലാം കേരളത്തിലെ കോണ്‍ഗ്രസ്സ് ‘ മറന്നാലും രാഷ്ട്രീയ കേരളം ഒരിക്കലും മറക്കുകയില്ല. അതുകൊണ്ട് തന്നെയാണ് കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ പ്രേരിതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എമ്മും ചൂണ്ടിക്കാട്ടുന്നത്.

കാവിപ്പടയെ പോലെ തന്നെ കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ചതിനാല്‍ ഇതൊന്നും ഓര്‍ക്കാന്‍ പോലും അവര്‍ ഇഷ്ടപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാര്‍ഗ്ഗം ഏതായാലും അധികാരം അതുമാത്രമാണ് ബി.ജെ.പിയെ പോലെ തന്നെ കോണ്‍ഗ്രസ്സിന്റെയും പരമ പ്രധാനമായ ലക്ഷ്യം. രാഷ്ട്രീയ കേരളം തിരിച്ചറിയേണ്ടതും ഈ അവസരവാദ രാഷ്ട്രീയത്തെയാണ്.

Top