കർഷക വിഷയത്തിലും മാതൃകയായി കേരളം, കോൺഗ്രസ്സും അമ്പരന്നു ! !

പിണറായി സര്‍ക്കാര്‍ അങ്ങനെയാണ്. സെന്‍സിറ്റീവ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ മാത്രമല്ല കോണ്‍ഗ്രസ്സിനെയും വെട്ടിലാക്കുന്ന നിലപാടുകളാണ് സ്വീകരിക്കുക. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കര്‍ഷക ബില്ലിനോടുള്ള സമീപനം. പാര്‍ലമെന്റ് പാസാക്കിയ ബില്ലുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. കര്‍ഷക സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനുമെല്ലാം ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ക്ക് തോന്നാത്ത ബുദ്ധിയാണിത്. കേന്ദ്ര നിയമം സംസ്ഥാനത്തിന്റെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നാണ് കേരളം ആരോപിച്ചിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ ഗുരുതരമായ ഭരണഘടനാ പ്രശ്നം ഉയര്‍ത്തുന്നുണ്ട് എന്ന നിയമോപദേശവും നിയമ പോരാട്ടങ്ങള്‍ക്ക് കരുത്താകും.

ദേശീയ തലത്തില്‍ കര്‍ഷക പ്രക്ഷോഭം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് ശക്തി വര്‍ദ്ധിപ്പിക്കാനും ഇപ്പോഴത്തെ നീക്കം സഹായകരമാകും. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണ് കൃഷിയെന്നും സംസ്ഥാനങ്ങളോട് ചര്‍ച്ച ചെയ്യാതെ ബില്‍ പാസാക്കിയത് ശരിയല്ലെന്നുമാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴസ് എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020, എന്നിവയാണ് രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കിയിരിക്കുന്നത്. ഇതിനെതിരെ രൂക്ഷമായാണ് പ്രതിപക്ഷം സഭയില്‍ പ്രതികരിച്ചിരുന്നത്.

ബില്ലുകള്‍ കര്‍ഷക വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമെന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. രാജ്യസഭയില്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിഷേധത്തിന് തിരികൊളുത്തിയതും ഇടതുപക്ഷ എം.പിമാരാണ്. കെ.കെ രാഗേഷ്, എളമരം കരീം, ബിനോയ് വിശ്വം എന്നിവരുടെ ഇടപെടല്‍ ദേശീയ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. ഈ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതിന് കെ.കെ രാഗേഷും, എളമരം കരീമും സസ്പെന്റ് ചെയ്യപ്പെടുകയുമുണ്ടായി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുമായ, കെ.സി വേണുഗോപാലും, അഹമ്മദ് പട്ടേലും രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമെല്ലാം, രാജ്യസഭയില്‍ വലിയ പരാജയമായാണ് മാറിയിരിക്കുന്നത്. രണ്ട് തരത്തിലാണ് ബില്ലിനെ ഇടതുപക്ഷ അംഗങ്ങള്‍ നേരിട്ടിരിക്കുന്നത്.

ചട്ടപ്രകാരമുള്ള ഇടപെടലുകള്‍ക്കൊപ്പം തന്നെ പ്രതിഷേധത്തിനും അവര്‍ നേതൃത്വം നല്‍കുകയുണ്ടായി. ഭരണപക്ഷത്തെ ഞെട്ടിച്ച നീക്കമായിരുന്നു ഇത്. കേരളത്തില്‍ നിന്നുള്ള മറ്റു യു.ഡി.എഫ് അംഗങ്ങളും ഈ സന്ദര്‍ഭത്തില്‍ നോക്കുകുത്തികളായിരിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ കഴിവില്ലായ്മയാണ് ഇവിടെ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നത്. കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുന്നത് വരെ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇത്തരം ഒരു നീക്കത്തിന് കോണ്‍ഗ്രസ്സ് തയ്യാറായിട്ടില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. പൗരത്വ നിയമ ഭേദഗതി വിഷയത്തിലും പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത് സമാന നിലപാട് തന്നെയാണ്. ഇന്ത്യയില്‍ ആദ്യമായി ഈ നിയമത്തിനെതിരെ പ്രമേയം പാസാക്കിയത് കേരള നിയമസഭയാണ്. ഭരണഘടനയുടെ 131 വകുപ്പ് പ്രകാരം സുപ്രീം കോടതിയില്‍ ആദ്യം ഹര്‍ജി ഫയല്‍ ചെയ്തതും പിണറായി സര്‍ക്കാറാണ്.

കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളും മമത ബാനര്‍ജിയുമെല്ലാം വൈകിയാണ് ഇക്കാര്യത്തിലും തീരുമാനമെടുത്തിരുന്നത്. രാജ്യത്ത് ഏറ്റവും അധികം ജനങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭം നടന്നതും കേരളത്തിലാണ്. ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ ശൃംഖലയില്‍ 80 ലക്ഷത്തോളം പേരാണ് കണ്ണികളായത്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും സപ്നം പോലും കാണാന്‍ കഴിയാത്ത ബഹുജന പങ്കാളിത്തമാണിത്. അതുകൊണ്ടാണ് യു.ഡി.എഫ് തീര്‍ത്ത മനുഷ്യ ഭൂപടവും വെറും പടമായി മാറിയിരുന്നത്. അധികാര കസേരകള്‍ക്കായല്ല ജനകീയ പ്രശ്നങ്ങളിലെ ഇടപെടലുകള്‍ക്കായാണ് കോണ്‍ഗ്രസ്സ് നേതൃത്വം പ്രാധാന്യം കൊടുക്കേണ്ടത്. ഇക്കാര്യത്തിലെ ഉത്തരവാദിത്വമില്ലായ്മയാണ് രാജ്യസഭയിലും പ്രകടമായിരിക്കുന്നത്.

കര്‍ഷകരുടെ കണ്ണീര്‍ തുടയ്ക്കാന്‍ ഒരു ട്രാക്ടര്‍ റാലി കൊണ്ട് മാത്രം സാധിക്കുകയില്ല. ആത്മാര്‍ത്ഥമായ ഇടപെടലാണ് ആവശ്യം. ഒരേസമയം കുത്തകകളെയും കര്‍ഷകരെയും പുല്‍കാന്‍ ശ്രമിക്കരുത്. അത് തിരിച്ചടിക്കുക തന്നെ ചെയ്യും. പുതിയ നിയമം നടപ്പിലാകുമ്പോള്‍ രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകരാണ് ചൂഷണം ചെയ്യപ്പെടുവാന്‍ പോകുന്നത്. കാര്‍ഷികോല്‍പ്പന്ന വിപണനം അവശ്യസാധന നിയമ ഭേദഗതി, വിലയുറപ്പ് എന്നീ ബില്ലുകള്‍ കര്‍ഷകരെ കുത്തക കച്ചവടക്കാരുടെ അടിമകളാക്കിയാണ് മാറ്റുക. ഇതോടെ റിലയന്‍സ്, ബിഗ് ബസാര്‍, മോര്‍ തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കാണ് നേട്ടമുണ്ടാകുക.

പുതിയ നിയമമനുസരിച്ച് നിലവിലുള്ള പ്രാദേശിക ചന്തകളും വ്യാപാര കേന്ദ്രങ്ങളും ഇല്ലാതാകുമെന്ന ആശങ്കകളും വ്യാപകമാണ്. കര്‍ഷക വിളകള്‍ക്കുള്ള താങ്ങുവിലയും ഇനി മുതല്‍ ഇല്ലാതാകും. കൃഷി രംഗത്ത് വരുന്ന മത്സരം ഏതാനും വന്‍കിട കര്‍ഷകര്‍ക്ക് മാത്രമായാണ് ചുരുങ്ങുക. കാര്‍ഷിക വിപണികളിലേക്ക് വന്‍കിട കോര്‍പ്പറേറ്റുകളുടെ വ്യാപകമായ കടന്നു വരവിന് വാതില്‍ തുറന്നിടുന്നതാണ് പുതിയ നിയമം. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില മാത്രമല്ല കര്‍ഷകര്‍ കൃഷി ചെയ്യേണ്ട വിളകളും വിത്തിനങ്ങള്‍ പോലും, കോര്‍പ്പറേറ്റുകളാണ് ഇനി മുതല്‍ തീരുമാനിക്കാന്‍ പോകുന്നത്. കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ കരാര്‍ കൃഷി വ്യാപിപ്പിക്കുമ്പോള്‍ ചെറുകിട കര്‍ഷകരാണ് പ്രതിസന്ധിയിലാകുക.

ഗ്രാമീണ മേഖലയിലെ ഏതാണ്ട് 80 ശതമാനത്തോളം ജനങ്ങളും,ചെറുകിട, ഇടത്തരം, നാമമാത്ര കാര്‍ഷികവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. പുതിയ നിയമം വരുന്നതോടെ വന്‍കിട ഭൂവുടമകളുടെ വാണിജ്യ താല്‍പര്യങ്ങളാണ് നടപ്പിലാക്കപ്പെടുക. കര്‍ഷക താല്‍പര്യങ്ങള്‍ കുഴിച്ചുമൂടി കോര്‍പ്പറേറ്റുകള്‍ക്ക് വിളവെടുപ്പ് നല്‍കുന്ന ഈ നിയമങ്ങള്‍ക്കെതിരെയാണ് രാജ്യം ഇപ്പോള്‍ മുഷ്ടി ചുരുട്ടിയിരിക്കുന്നത്. പിടയുന്ന കര്‍ഷക മനസ്സുകള്‍ക്കൊപ്പം നിലയുറപ്പിക്കേണ്ടത് പ്രതിപക്ഷ പാര്‍ട്ടികളുടെയാകെ കടമയാണ്. ആ ഉത്തരവാദിത്വമാണ് കേരള സര്‍ക്കാറും ഇടതുപക്ഷവും ഇപ്പോള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

Top