‘കേരളീയം നല്ല പരിപാടിയാണ്, നല്ല കാര്യങ്ങൾ ആര് ചെയ്താലും അംഗീകരിക്കും’; ബിജെപി നേതാവ് ഒ.രാജഗോപാൽ

തിരുവവനന്തപുരം: നല്ല കാര്യങ്ങൾ ആര് ചെയ്താലും അംഗീകരിക്കും, കേരളീയം നല്ല പരിപാടിയാണ്. കേരളീയത്തിന്റെ സമാപനസമ്മേളനത്തിൽ പങ്കെടുത്ത് മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ പറഞ്ഞു. ബിജെപി കേരളീയത്തെ എതിർക്കുന്നതായി അറിയില്ല. മുഖ്യമന്ത്രി പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ നടത്തുന്നു. അത് കേൾക്കേണ്ടതാണ്, വികസനത്തിന്റെ കാര്യത്തിൽ വിട്ടു നിൽക്കേണ്ട കാര്യമില്ലെന്നും എതിർപ്പ് പ്രകടിപ്പിക്കേണ്ടതില്ലെന്നും ഒ.രാജഗോപാൽ പ്രതികരിച്ചു.

സംസ്ഥാനത്ത് നടക്കുന്ന ഒരു പ്രധാന പരിപാടി ആയതുകൊണ്ടാണ് കേരളീയത്തിൽ പങ്കെടുത്തതെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം മറ്റ് ബിജെപിനേതാക്കൾ ആരും കേരളീയം പരിപാടിയിൽ പങ്കെടുത്തിരുന്നില്ല.

കഴിഞ്ഞ ഏഴു ദിവസങ്ങളായി തലസ്ഥാനത്ത് നടത്തിയ കേരളീയം -2023നെതിരായ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ കോടികൾ ചിലവിട്ട് കേരളീയം നടത്തുന്നതിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേരളീയത്തിൻറെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. കേരളീയം സമ്പൂർണ വിജയമായെന്നും എല്ലാവർഷവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഐക്യമുണ്ടെങ്കിൽ എന്തും നേടാമെന്ന് തെളിയിച്ചു. കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. യുവനജങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ ആളുകളാണ് സംഘാടകരായി ഉണ്ടായിരുന്നത്. എന്നിട്ടും പൂർണ്ണ വിജയമായി. കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസിൽ വേദന തങ്ങി നിൽക്കുകയാണ്. പലസ്തീൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് എടുക്കാനാവില്ല. പൊരുതുന്ന പലസ്തീന് ഒറ്റക്കെട്ടായി പിന്തുണ നൽകുകയാണ്. കേരളീയത്തിലെ സെമിനാറുകൾ മുന്നോട്ട് വച്ചത് സർക്കാർ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സൂചനകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Top