രഞ്ജി ട്രോഫി: ഹിമാചലിനെ വീഴ്ത്തി കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍

നദൗന്‍(ഹിമാചല്‍ പ്രദേശ്): രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മല്‍സരത്തില്‍ കേരളത്തിനു തകര്‍പ്പന്‍ ജയം. എലൈറ്റ് ഗ്രൂപ്പ് ബിയിലെ അവസാന കളിയില്‍ ഹിമാചല്‍ പ്രദേശിനെ അവരുടെ തട്ടകത്തില്‍ കേരളം അഞ്ചു വിക്കറ്റിന് തകര്‍ത്തുവിടുകയായിരുന്നു. ഈ ജയത്തോടെ കേരളം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടാം സീസണിലാണ് കേരളം രഞ്ജിയുടെ ക്വാര്‍ട്ടറിലെത്തന്നത്.

297 റണ്‍സിന്റെ വിജയലക്ഷ്യം തേടി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ കേരളം അവസാന ദിനം അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 299 റണ്‍സെടുത്ത് ലക്ഷ്യത്തിലെത്തുകയായിരുന്നു. വിനൂപ് മനോഹരന്‍ (96), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (92), സഞ്ജു സാംസണ്‍ (61*) എന്നിവരുടെ ഇന്നിങ്‌സുകളാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്.

ടോസിനു ശേഷം കേരളം ഹിമാചലിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ഹിമാചലിനെ 297 റണ്‍സിന് കേരളം പുറത്താക്കി. മറുപടി ബാറ്റിങില്‍ ഒരു ഘട്ടത്തില്‍ ലീഡ് നേടുമെന്ന് കരുതിയ കേരളം കൂട്ടത്തകര്‍ച്ച നേരിട്ട് 11 റണ്‍സിന്റെ നേരിയ ലീഡ് വഴങ്ങുകയായിരുന്നു. 286 റണ്‍സില്‍ കേരളം പുറത്തായി. തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഹിമാചല്‍ എട്ടു വിക്കറ്റിന് 285 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 85 റണ്‍സെടുത്ത റിഷി ധവാനാണ് ഹിമാചലിന്റെ ടോപ്‌സ്‌കോറര്‍. കേരളത്തിനായി സിജോമോന്‍ ജോസഫ് നാലു വിക്കറ്റെടുത്തു.

എലൈറ്റ് ഗ്രൂപ്പ് ബിയില്‍ കേരളത്തിന് എട്ടു മല്‍സരങ്ങളാണുണ്ടായിരുന്നത്. ഇവയില്‍ നാലെണ്ണത്തിലും ജയിക്കാന്‍ കേരളത്തിനു സാധിച്ചു. ആന്ധ്രാപ്രദേശിനെയും ബംഗാളിനെയും ഒമ്പതു വിക്കറ്റിന് തകര്‍ത്തുവിട്ട കേരളം ഡല്‍ഹിയെ ഇന്നിങ്‌സിനും 27 റണ്‍സിനും തുരത്തിയിരുന്നു. മധ്യപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് എന്നിവരോടാണ് കേരളം പരാജയപ്പെട്ടത്. ഹൈദരാബാദുമായി സമനിലയും ടീം വഴങ്ങിയിരുന്നു.

Top