വിദേശ കടപ്പത്ര വിപണിയില്‍ പ്രവേശനം നേടുന്ന ആദ്യ സംസ്ഥാനമായി കേരളം

തിരുവനന്തപുരം:വിദേശ കടപ്പത്ര വിപണിയില്‍ പ്രവേശനം നേടുന്ന ആദ്യ സംസ്ഥാനമായി കേരളം.അടിസ്ഥാനസൗകര്യ വികസനത്തിന് വിദേശവിപണിയില്‍ നിന്ന് ധനം സമാഹരിച്ചാണ് കേരളം ഈ അസുലഭ നേട്ടം കൈവരിച്ചത്. കേരള അടിസ്ഥാന വികസന നിക്ഷേപ ബോര്‍ഡ് (കിഫ്ബി) പുറത്തിറക്കിയ മസാലബോണ്ട് വഴി 2150 കോടി രൂപയാണ് സംസ്ഥാനത്തിന് നേടാനായത്. ഇതുകൂടി ആയപ്പോള്‍ കിഫ്ബി വഴി നേടിയ തുക 7527 കോടിയായി ഉയര്‍ന്നു. വായ്പയായി ലഭിച്ച 2400 കോടിരൂപ കൂടിയാകുമ്പോള്‍ അടുത്ത ഒരുവര്‍ഷത്തേക്കുള്ള പണം മുന്‍കൂര്‍ സമാഹരിക്കാനും സംസ്ഥാനത്തിന് കഴിഞ്ഞു.

കൂടുതല്‍ നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിക്കുന്നതിനാല്‍ പണ സമാഹരണം വെള്ളിയാഴ്ചയോടെ പൂര്‍ത്തിയായെങ്കിലും ബോണ്ട് വില്‍പ്പനയുടെ കാലാവധി ചിലപ്പോള്‍ നീട്ടിയേക്കാം. 2600 കോടിയോളംരൂപ മസാല ബോണ്ടുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷ. 9.723 ശതമാനമാണ് പലിശനിരക്ക്.

കടുത്ത വെല്ലുവിളികള്‍ നേരിട്ടാണ് കിഫ്ബിയ്ക്ക് മസാലബോണ്ട് കൈവരിക്കാനായത്. 2016 ലായിരുന്നു റിസര്‍വ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിന് അനുമതി നല്‍കിയത്. അതിനുശേഷമുള്ള മൂന്നാമത്തെ വലിയ സമാഹരണമാണ് കഴിഞ്ഞ ദിവസം നടന്നത്. അന്താരാഷ്ട്ര റാങ്കിങ്ങില്‍ ‘എഎഎ’ റേറ്റിങ്ങുള്ള ഏജന്‍സികള്‍ക്ക് മാത്രമേ മസാല ബോണ്ടുമായി വിപണിയിലിറങ്ങാന്‍ കഴിഞ്ഞിട്ടുള്ളൂ. കേന്ദ്രസര്‍ക്കാരിന് ‘ബിബിബി’ റാങ്കാണുള്ളത്. ഇതിന് തൊട്ടുതാഴെയുള്ള ‘ബിബി’ റാങ്കിങ് നേടാന്‍ കിഫ്ബിക്ക് കഴിഞ്ഞു.

Top