പനി പേടിയില്‍ കേരളം; സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത രണ്ട് പനി മരണം

 

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു. ഇന്ന് രണ്ടു പനി മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ചും കൊല്ലത്ത് ഡെങ്കിപ്പനി മൂലവുമാണ് മരണം സംഭവിച്ചിരിക്കുന്നത്. പ്രതിദിനം പന്ത്രണ്ടായിരത്തില്‍പരം പേരാണ് പനിബാധിച്ച് ആശുപത്രികളില്‍ എത്തുന്നത്, ഏറ്റവുമധികം പനി റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്തു നിന്നാണ്.

വൈറല്‍പ്പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ആരംഭിച്ചാല്‍ സ്വയംചികിത്സ നടത്താതെ വിദഗ്ധ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നതോടെ പ്ലേറ്റ്ലെറ്റുകളുടെ ആവശ്യകതയും വര്‍ധിക്കുന്നുണ്ട്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതോടെ രോഗം ഗുരുതരമാകും. നിലവില്‍ പ്ലേറ്റ്ലെറ്റുകള്‍ക്ക് ക്ഷാമമില്ലെങ്കിലും അടുത്തമാസം ഇങ്ങനെയായിരിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ സര്‍ക്കാരിന് നല്‍കുന്ന മുന്നറിയിപ്പ്.

ബുധനാഴ്ചമാത്രം പനിബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇതില്‍ കൊല്ലം ജില്ലയില്‍ മൂന്ന് ഡെങ്കിപ്പനി മരണം അടക്കം നാലു പനിമരണമാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലും എറണാകുളത്തും ഓരോരുത്തരും മരിച്ചു.

ബുധനാഴ്ചവരെ 1211 പേര്‍ക്ക് ഡെങ്കിപ്പനിയും 99 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഓരോദിവസവും നൂറിലധികം പേരെയാണ് ഡെങ്കി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഐ.സി.യു., വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ക്കും ബ്ലഡ് ബാങ്കുകളില്‍ പ്ലേറ്റ്ലെറ്റിനും ക്ഷാമമുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്.

ഡെങ്കിപ്പനി ബാധിച്ച് ശരാശരി 15 പേര്‍ വീതമാണ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജുകളിലെത്തുന്നത്. മെഡിക്കല്‍ കോളേജുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും പ്ലേറ്റ്ലെറ്റുകള്‍ക്ക് നിലവില്‍ കുറവില്ലെന്നാണ് ആശുപത്രി മേധാവികള്‍ ആരോഗ്യവിഭാഗത്തെ അറിയിച്ചത്.

 

 

Top