പനി പേടിയില്‍ കേരളം; സംസ്ഥാനത്ത് ഇന്ന് മാത്രം പനി മരണം ആറായി

 

തിരുവനന്തപുരം: പനി പേടിയില്‍ വിറച്ച് കേരളം. സംസ്ഥാനത്ത് ഇന്ന് മാത്രം പനി ബാധിച്ച് 6 പേര്‍ മരിച്ചു. കൊല്ലത്ത് നാലും പത്തനംതിട്ടയിലും എറണാകുളത്തും ഓരോരുത്തര്‍ വീതവുമാണ് പനിമൂലം മരിച്ചത്. കൊല്ലത്തുണ്ടായ മൂന്ന് ഡെങ്കിപ്പനി മരണം അടക്കമാണ് നാല് പനിമരണം രേഖപ്പെടുത്തിയത്. കൊട്ടാരക്കര സ്വദേശി വൈ. കൊച്ചുകുഞ്ഞ് ജോണ്‍ (70), ചവറ സ്വദേശി അരുണ്‍ കൃഷ്ണ (33), ആയുര്‍ വയ്യാനം സ്വദേശി ബഷീര്‍ (74) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശിനി അഖിലയും ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കേ മരണമടഞ്ഞു.

ചാത്തന്നൂരില്‍ അഞ്ചാം ക്ലാസ്സുകാരന്‍ അഭിജിത്, മൂവാറ്റുപുഴയില്‍ ഐ.ടി.ഐ വിദ്യാര്‍ഥി സമദ് (18) എന്നിവരാണ് പനിമൂലം മരിച്ച മറ്റുരണ്ടുപേര്‍. കൊല്ലം ഒഴുകുപാറ സ്വദേശി ബൈജു-ഷൈമ ദമ്പതികളുടെ മകനായ അഭിജിത് പനി ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പനി കൂടുതലായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ മാസം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ 37 ആയി, ഇതില്‍ 21-ഉം ഡെങ്കിപ്പനി ബാധ മൂലമാണ്.

 

Top