Kerala IAS officers feel the heat of Vigilance

തിരുവനന്തപുരം : വിജിലന്‍സ് പിടിമുറുക്കിയതോടെ കേരളം വിട്ടോടാന്‍ ഐ.എ.എസ്. പട.

മലബാര്‍ സിമന്റ്‌സ് എം.ഡി യും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കെ പത്മകുമാറിനെ അഴിമതി കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റൊരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ എം എബ്രഹാമിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

ഇതിനെതിരെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി പറഞ്ഞ ഐ.എ.എസ്. പടയെ നയിച്ച ഐ.എ.എസ്. അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ടോം ജോസിന്റെ വസതിയില്‍ ഇന്ന് വിജിലന്‍സ് റെയ്ഡ് നടത്തിയതോടെയാണ് കേരളം വിടാന്‍ ഒരു വിഭാഗം ഐ.എ.എസുകാര്‍ തീരുമാനിച്ചിരിക്കുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ തൊട്ടു പിന്നാലെ ടോം ജോസിന്റെ ഫ്‌ളാറ്റുകളില്‍ പരിശോധന നടത്തിയതിനാല്‍ ഇനി സംസ്ഥാനത്ത് തുടരുന്നത് അപകടമാണെന്ന് കണ്ടാണ് പലായനം ചെയ്യാന്‍ ഒരുങ്ങുന്നത്.

തങ്ങള്‍ക്ക് ഡെപ്യൂട്ടേഷനില്‍ പോവാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഐ.എ.എസ്. ഓഫീസര്‍മാരിലെ പ്രബല വിഭാഗം മുഖ്യമന്ത്രിയെ സമീപിക്കുമെന്നാണ് സൂചന.

ഡെപ്യൂട്ടേഷന് കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാലും സംസ്ഥാന സര്‍ക്കാര്‍ വിട്ടില്ലെങ്കില്‍ പുലിവാലാകുമെന്ന് കണ്ടാണ് മുന്‍കൂര്‍ അനുമതി തേടല്‍.

ഡെപ്യൂട്ടേഷനിലുള്ള ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥരോട് മടങ്ങിവരാന്‍ ഡല്‍ഹിയില്‍ യോഗം വിളിച്ച് ആവശ്യപ്പെട്ട മുഖ്യമന്ത്രി ഐ.എ.എസ് പ്രമുഖരുടെ ആവശ്യത്തിന് വഴങ്ങുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ടോം ജോസിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്‌ളാറ്റുകളിലാണ് ഒരേ സമയം വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നത്.

മഹാരാഷ്ട്രയിലെ സിന്ധു ദുര്‍ഗയിലെ ഭൂമിയും അനധികൃത സമ്പാദ്യമാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ പുതിയ ഫ്‌ളാറ്റിന്റെ സാമ്പത്തിക ഇടപാട് പരിശോധിക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി.

അഴിമതി സംബന്ധമായ അന്വേഷണങ്ങളില്‍ യാതൊരുവിധ ഇടപെടലും നടത്തില്ലെന്ന് മുഖ്യമന്ത്രി തന്നെ കണ്ട ഐ.എ.എസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു.

കര്‍ക്കശമായ ഈ തീരുമാനത്തോടെ തങ്ങളുടെ മുന്നില്‍ വരുന്ന ഫയലുകളില്‍ മന്ത്രിമാര്‍ താല്‍പ്പര്യപ്പെട്ടാലും വളരെ ആലോചിച്ച് മാത്രം ഒപ്പിട്ടാല്‍ മതിയെന്നാണ് ഐ.എ.എസു കാര്‍ക്ക് അസോസിയേഷന്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം.

നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തെ തന്നെ ഐ.എ.എസുകാരുടെ നിസ്സഹകരണം ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒറ്റക്കെട്ടായി ഐ.എ.എസുകാര്‍ തീരുമനത്തില്‍ ഉറച്ചു നിന്നാല്‍ അത് സര്‍ക്കാരിന് വെല്ലുവിളിയാകും.

എന്നാല്‍ പിണറായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമ്പോള്‍ സാഹസത്തിന് മുതിര്‍ന്നാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന ആശങ്ക ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെങ്കിലുമുണ്ട്. അതുകൊണ്ട് തന്നെയാണ് ഡെപ്യൂട്ടേഷന് പോകുന്നതിന് പ്രഥമ പരിഗണന നല്‍കുന്നത്.

സമ്മര്‍ദ്ദം ശക്തമായാല്‍ പിണറായി ജേക്കബ് തോമസിനെ ‘തിരുത്തുമെന്ന’ പ്രതീക്ഷയും ഐഎഎസ് ഉദ്യോഗസ്ഥര്‍ കൈവിട്ടിട്ടില്ല.

Top