നാല് പുതിയ ജഡ്ജിമാർ വെള്ളിയാഴ്ച സ്ഥാനമേൽക്കുന്നു

കൊച്ചി: നാല് പുതിയ ജഡ്ജിമാര്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് കേരള ഹൈക്കോടതിയില്‍ സ്ഥാനമേല്‍ക്കും. എല്‍.എല്‍.ബിയില്‍ ഒന്നാം റാങ്ക് ജേതാക്കളായ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ബെച്ചു കുര്യന്‍ തോമസ്, ഗോപിനാഥ് മേനോന്‍ എന്നിവരും, മുതിര്‍ന്ന ജഡ്ജി ടി.ആര്‍ രവി, ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ നിന്നും എം.ആര്‍ അനിതയുമാണ് ജഡ്ജിമാരായി ചുമതലയേല്‍ക്കുന്നത്.

എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിയായി എം.ജി സര്‍വകലാശാലയില്‍ നിന്നും 1992ല്‍ ഒന്നാം റാങ്കും ഗോള്‍ഡ് മെഡലും നേടിയ ബെച്ചു കുര്യന്റെ കൂടുതല്‍ മാര്‍ക്കിന്റെ റെക്കോര്‍ഡ് രണ്ടുപതിറ്റാണ്ടോളം നിലനിന്നിരുന്നു. എറണാകുളം ലോ കോളേജില്‍ പഠിച്ചാണ് ഗോപിനാഥ് മേനോനും ഒന്നാം റാങ്ക് നേടിയത്.

ബെച്ചു കുര്യന്‍ ബ്രിട്ടീഷ് കൗണ്‍സില്‍ ഷീവ്നിംഗ് സ്‌കോളര്‍ഷിപ്പുമായി കോളേജ് ഓഫ് ലോ യോര്‍ക്കില്‍ ഇംഗ്ലീഷ് ആന്റ് ഇ.സി കൊമേഴ്യല്‍ ലോ പഠനം പൂര്‍ത്തീകരിച്ചു. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.ടി തോമസിന്റെ മകനാണ് ബെച്ചു കുര്യന്‍. സ്വപ്രയത്‌നം കൊണ്ട് 46ാം വയസില്‍ അദ്ദേഹം ഹൈക്കോടതി സീനിയര്‍ അഭിഭാഷകനായി.

ഭരണഘടന, ആര്‍ബിട്രേഷന്‍, സിവില്‍, ക്രിമിനല്‍, സര്‍വീസ്, മാരിടൈം എന്നീ വൈവിധ്യ നിയമമേഖലകളില്‍ കഴിവുതെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാരി ടൈം ലോ ഗവേണിങ് കൗണ്‍സില്‍ സ്ഥാപക മെമ്പറാണ്. കേരള സര്‍വകലാശാലയുടെ സ്റ്റാന്റിങ് കൗണ്‍സലുമായിരുന്നു. കോട്ടയത്ത് പി.വി തോമസിന്റെ ജൂനിയറായാണ് പ്രാക്ടീസ് ആരംഭിച്ചത്. പിന്നീട് ഹൈക്കോടതിയിലേക്ക് പ്രാക്ടീസ് മാറ്റി സീനിയര്‍ അഭിഭാഷകനായി മാറി. സുപ്രീം കോടതിയിലും പ്രാക്ടീസ് നടത്തിയിരുന്നു.

പോള്‍ എം. ജോര്‍ജ് വധക്കേസില്‍ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്, സിസ്റ്റര്‍ അഭയ കേസില്‍ കെ.ടി മൈക്കിളിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്, സൂര്യനെല്ലി കേസിലെ രണ്ട് പ്രതികളെ വെറുതെവിട്ടത്, പി.വി അന്‍വര്‍ എം.എല്‍.എയുടെ ചീങ്കണ്ണിപ്പാലിയിലെ തടയണക്കെതിരായ കേസ്, എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്, കോന്തുരുത്തിപുഴ കൈയ്യേറ്റത്തിനെതിരായ കേസ് എന്നീ പ്രമാദമായ കേസുകളിലും അദ്ദേഹം ഹാജരായിട്ടുണ്ട്. തരുണി തോമസാണ് മാതാവ്. ഭാര്യ: മീനു നെച്ചുപാടം കോലഞ്ചേരി. മക്കള്‍: അഡ്വ. സൂസാന്‍ കുര്യന്‍, തരുണ്‍ തോമസ് കുര്യന്‍.

ഗോപിനാഥ് മേനോന്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നും 1999 ലാണ് എല്‍.എല്‍.എം നേടിയത്. മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാറിന്റെ ജൂനിയറായാണ് പ്രാക്ടീസ് ആരംഭിച്ചത്. 2018ല്‍ 46ാം വയസിലാണ് ഹൈക്കോടതി സീനിയര്‍ അഭിഭാഷകപദവി ലഭിച്ചത്. മേനോന്‍ ആന്റ് പൈ ലോ ഫേം പാര്‍ടണറാണ്. പരേതനായ എ.ജി നായരുടെയും അഹല്യ ജി. നായരുടെയും മകനാണ്. ഭാര്യ: പ്രിയ ജി. മേനോന്‍. മക്കള്‍: പാര്‍വ്വതി മേനോന്‍, ഗായത്രി മേനോന്‍.

ഹൈക്കോടതി അഭിഭാഷകന്‍ ടി.ആര്‍ രവി മുതിര്‍ന്ന അഭിഭാഷകന്‍ ടി.ആര്‍.ജി വാര്യരുടെ ജൂനിയറായി 1989 ലാണ് പ്രാക്ടീസ് ആരംഭിച്ചത്. സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറും സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈകോര്‍ട്ട് റൂള്‍സ് കമ്മിറ്റി അംഗമാണ്.

Top