kerala higher secondary exam question paper setting

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറിമേഖലയില്‍ ഒരു വര്‍ഷം നടക്കുന്നത് 10 കോടി രൂപയുടെ ചോദ്യപ്പേപ്പര്‍ കച്ചവടം.
അധ്യാപകസംഘടനകളുടെ പ്രധാന വരുമാനമാര്‍ഗമാണ് ചോദ്യപ്പേപ്പര്‍ വില്പന. പ്രിന്‍സിപ്പല്‍മാര്‍ക്ക് കമ്മിഷന്‍ നല്‍കിയാണ് പലസംഘടനകളും കച്ചവടം പിടിക്കുന്നതെന്ന് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ക്ക് 25 മുതല്‍ 50 രൂപ വരെയാണ് നിരക്ക്. വര്‍ഷം മൂന്നുപരീക്ഷകള്‍ക്കുമായി ഒരു കുട്ടിയില്‍നിന്ന് 150 രൂപവരെ ചോദ്യപ്പേപ്പറിനായി വാങ്ങും. പ്ലസ് വണ്ണിന് 4.25 ലക്ഷവും പ്ലസ് ടുവിന് 4.75 ലക്ഷവും കുട്ടികളാണുള്ളത്. അതായത് ഏകദേശം 10 മുതല്‍ 13.5 കോടി രൂപയാണ് കുട്ടികളില്‍നിന്ന് ഇവര്‍ പിരിച്ചെടുക്കുന്നത്.

മിക്ക അധ്യാപകസംഘടനകളും ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നു.ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവയുമുണ്ട്. സ്‌കൂളുകള്‍ ചോദ്യപ്പേപ്പര്‍ വാങ്ങിയാലേ കൂടുതല്‍ പണം ലഭിക്കൂ എന്നതിനാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് കമ്മിഷന്‍ നല്‍കി സ്വാധീനിക്കാനും മത്സരമാണ്.

ചോദ്യപ്പേപ്പര്‍ നിര്‍മാണം അധ്യാപകസംഘടനകളുടെ കച്ചവടത്തിനായി വിട്ടുനല്‍കുന്നതില്‍ സര്‍ക്കാരാണ് പ്രതിസ്ഥാനത്ത് വരുന്നത്. മുമ്പ് പത്താംക്ലാസ് വരെയുള്ള പരീക്ഷകള്‍ക്കും ചോദ്യപ്പേപ്പര്‍ കച്ചവടമുണ്ടായിരുന്നു. സര്‍വശിക്ഷാ അഭിയാനി(എസ്.എസ്.എ)ല്‍നിന്ന് എട്ടാംക്ലാസ് വരെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കാനായി പണം ലഭിച്ചപ്പോള്‍ സര്‍ക്കാര്‍തന്നെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഒമ്പത്, പത്ത് ക്ലാസുകളിലേക്കുള്ള ചെലവ് സര്‍ക്കാര്‍ നേരിട്ടും വഹിക്കും.

ഒമ്പത്, പത്ത് ക്ലാസുകളിലെ ചോദ്യപ്പേപ്പറിനുള്ള ചെലവ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ.) പദ്ധതിയില്‍ നിന്ന് എസ്.എസ്.എ.മാതൃകയില്‍ കണ്ടെത്താനാവും. പക്ഷേ, ആര്‍.എം.എസ്.എയില്‍ ഇതിന് വകുപ്പില്ലെന്നാണ് ഔദ്യോഗിക ന്യായം.

അധ്യാപകസംഘടനകളുടെ ധാര്‍മികതയ്ക്ക് ചോദ്യപ്പേപ്പര്‍ കച്ചവടം ചേരുന്നതല്ലെന്ന് ചോദ്യപ്പേപ്പര്‍ നിര്‍മാണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന കെ.പി.എസ്.ടി.എ., എ.കെ.എസ്.ടി.യു. സംഘടനകള്‍ പറയുന്നു.

സമ്പ്രദായം മാറണം ഡയറക്ടര്‍

ഹയര്‍സെക്കന്‍ഡറിമേഖലയില്‍ അധ്യാപകസംഘടനകള്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന രീതി മാറണമെന്ന് ഡയറക്ടര്‍ എം.എസ്. ജയ പറഞ്ഞു. അതത് സ്‌കൂളുകളില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, പ്രിന്‍സിപ്പല്‍മാര്‍ അവര്‍ക്ക് താത്പര്യമുള്ള സംഘടനകളില്‍നിന്ന് ചോദ്യപ്പേപ്പര്‍ വാങ്ങുന്ന രീതിയാണ് നിലനില്‍ക്കുന്നത്.

ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതിന് ബദല്‍നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഡയറക്ടറേറ്റ് ഉദ്ദേശിക്കുന്നുണ്ടെന്നും അവര്‍പറഞ്ഞു

Top