ആംമ്പര്‍ ഡെയ്ല്‍ റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കിയ കളക്ടറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: പള്ളിവാസലിലെ ആംമ്പര്‍ ഡെയ്ല്‍ റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കിയതിന് ഹൈക്കോടതി സ്റ്റേ. പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി കലക്ടര്‍ എച്ച്.ദിനേശനാണ് ആംമ്പര്‍ ഡെയ്ല്‍ അടക്കം മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കിയത്.ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്ത് റിസോര്‍ട്ട് ഉടമ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. പഴയ പ്ലംജൂഡി റിസോര്‍ട്ടാണ് ആംബര്‍ ഡെയ്ല്‍ ആയത്.

പട്ടയം റദ്ദാക്കിയ കളക്ടറുടെ നടപടി നിയമപരമല്ലെന്ന് കോടതി പറഞ്ഞു. വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ നടപടി എടുത്തത്. എന്നാല്‍ വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ മാത്രം പട്ടയം റദ്ദാക്കാന്‍ സാധിക്കില്ലെന്നും റിസോര്‍ട്ട് ഉടമ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ കളക്ടര്‍ തയ്യാറായില്ലെന്നും റിസോര്‍ട്ട് ഉടമ കോടതിയില്‍ കുറ്റപ്പെടുത്തി. ഹര്‍ജി കോടതി അടുത്ത മാസം 25ലേക്ക് മാറ്റി.

പള്ളിവാസല്‍ പുലിപ്പാറയ്ക്കു സമീപം ആംബര്‍ ഡെയ്ല്‍ (പ്ലം ജൂഡി) റിസോര്‍ട്ട്, വര്‍ഷങ്ങളായി നിര്‍മാണം നിര്‍ത്തിവച്ചിരിക്കുന്ന മാടപ്പറമ്പില്‍ റിസോര്‍ട്‌സ്, സാഗര്‍ റിസോര്‍ട്ട്സ് എന്നിവയുടെ പട്ടയമാണു ശനിയാഴ്ച കളക്ടര്‍ റദ്ദാക്കിയത്. 1964ലെ ഭൂപതിവു ചട്ടങ്ങള്‍ ലംഘിച്ചു വാണിജ്യാവശ്യങ്ങള്‍ക്കു കെട്ടിടം നിര്‍മിച്ചതിനായിരുന്നു നടപടി. പട്ടയവ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ആംമ്പര്‍ ഡെയ്ല്‍ അടക്കം മൂന്ന് റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുത്തത്.

Top