യു.വി ജോസിനെതിരെയുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ലൈഫ് മിഷന്‍ ഇടപാട് സംബന്ധിച്ച സിബിഐ കേസില്‍ യു.വി.ജോസിനെതിരെയുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. 2 മാസത്തേക്കാണ് നടപടികള്‍ക്ക് സ്റ്റേ. സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന സന്തോഷ് ഈപ്പന്റെ ആവശ്യം തള്ളി. ഒന്നാം പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം തുടരാം. അനില്‍ അക്കര എംഎല്‍എയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്. ഇതിനെതിരെയാണു ലൈഫ് മിഷന്‍ സിഇഒയും സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചത്.

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ 3(1) വകുപ്പു പ്രകാരം പണം സ്വീകരിക്കാന്‍ വിലക്കുള്ളവയുടെ ഗണത്തില്‍ ലൈഫ് മിഷനും വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മിക്കുന്ന യൂണിടാക് കമ്പനി, സഹസ്ഥാപനമായ സെയിന്‍ വെഞ്ചേഴ്‌സ് എന്നിവ ഉള്‍പ്പെടുന്നില്ലെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ വിലയിരുത്തി. അതേസമയം, വിദേശത്തുനിന്നു ലഭിച്ച പണം കമ്പനി ഇവിടെ കൈക്കൂലിക്കും മറ്റും ഉപയോഗിച്ചെങ്കില്‍ അതു നിയമത്തിന്റെ 3 (2) (ബി) വകുപ്പിന്റെ ലംഘനമാകും.

Top