നടിയെ ആക്രമിച്ച കേസ്: സമയം നീട്ടിനൽകില്ല: ഹൈക്കോടതി

കൊച്ചി: കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. വെള്ളിയാഴ്ചയ്ക്കുള്ളിൽ സർക്കാർ വിശദീകരണം നൽകണമെന്ന് നിർദേശിച്ച കോടതി തുടരന്വേഷണത്തിനു സമയം നീട്ടിനൽകില്ലെന്നു വ്യക്തമാക്കി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അന്വേഷണം അട്ടിമറിക്കുന്നുവെന്ന നടിയുടെ ഭീതി അനാവശ്യമാണെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ പറഞ്ഞു. സർക്കാർ നടിക്കൊപ്പമാണ്. നടി നിർദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. നടിയുമായി ആലോചിച്ച് പുതിയ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയോഗിക്കുമെന്നും ഡിജിപി അറിയിച്ചു.

തുടരന്വേഷണത്തിന്റെ സമയം നിശ്ചയിച്ചത് മറ്റൊരു ബെഞ്ചാണെന്നും ഇനി അതു നീട്ടിനൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. നടിയുടെ ആക്ഷേപത്തിൽ സർക്കാർ വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.വിചാരണക്കോടതിക്ക് എതിരായ ഹർജിയിലെ ആക്ഷേപങ്ങളിൽ വേണ്ടിവന്നാൽ റിപ്പോർട്ട് തേടുമെന്നും ഹൈക്കോടതി അറിയിച്ചു.

Top