ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെയ്ക്കണം; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിതള്ളി ഹൈക്കോടതി. ഇപ്പോള്‍ ആരംഭിച്ചത് ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ റണ്‍ മാത്രമാണെന്ന കേരള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സ്റ്റേ ആവശ്യം കോടതി തള്ളിയത്.

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാനാവുന്ന രീതിയില്‍ അടിയന്തര സൗകര്യമൊരുക്കണമെന്നും അതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

ഹര്‍ജി സിംഗിള്‍ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.കാസര്‍കോട് വെള്ളരിക്കുണ്ട് നട്ടക്കല്‍ എ.എല്‍.പി സ്‌കൂളില്‍ നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ മാതാവായ വെള്ളരിക്കുണ്ട് വള്ളിക്കടവ് സ്വദേശിനി സി.സി. ഗിരിജയാണ് ഹര്‍ജി നല്‍കിയത്. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസ് നടത്താന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയത് ശരിയായ വിധത്തിലല്ലെന്നാണ് ഹര്‍ജിക്കാരിയുടെ ആരോപണം.

അതേസമയം, ഈ മാസം 14 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും, അതിനു ശേഷം മാറ്റങ്ങള്‍ വരുത്തേണ്ടത് ഉണ്ടെങ്കില്‍ വരുത്തുമെന്നും വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച ശേഷമേ ക്ലാസുകള്‍ ആരംഭിക്കൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Top