സര്‍ക്കാര്‍ കക്ഷിയായ കേസില്‍ പ്രതിക്ക് വേണ്ടി വാദിക്കാന്‍ സര്‍ക്കാര്‍ വക്കീല്‍ ഹാജരായത് ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ കക്ഷിയായ കേസില്‍ പ്രതിഭാഗത്തിനായി സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായത് ചോദ്യം ചെയ്ത് കേരളാ ഹൈകോടതി. മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഹൈക്കോടതി നടപടി. കേസില്‍ കെഎം എബ്രഹാമിന് വേണ്ടി ലോകായുക്തയിലെ സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍ എസ് ചന്ദ്രശേഖരന്‍ നായരാണ് ഹാജരായത്. കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് എസ് ചന്ദ്രശേഖരന്‍ നായര്‍ ഹാജരായത്.

ഹര്‍ജിക്കാര്‍ ഈ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്തു. സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിക്ക് വേണ്ടി ഹാജരായത് എങ്ങനെയെന്ന് ഹൈക്കോടതിയും ചോദിച്ചു. വിജിലന്‍സ് അഭിഭാഷകനോടായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. സാധാരണ ഇത്തരം നടപടി ഉണ്ടാകാറില്ലെന്നും അഭിഭാഷകന്‍ തന്നെ ഇക്കാര്യം വിശദീകരിക്കട്ടെ എന്നും വിജിലന്‍സ് ഗവണ്‍മെന്റ് പ്ലീഡര്‍ നിലപാടെടുത്തു. ഇതോടെ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ എസ് ചന്ദ്രശേഖരന്‍ നായരുടെ വിശദീകരണം കേള്‍ക്കാനായി കേസ് ഡിസംബര്‍ നാലിലേക്ക് മാറ്റിവച്ചു.

Top