ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരെയുള്ള വ്യാജ ലഹരിക്കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരായ വ്യാജ ലഹരിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷീല നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ഷീലയെ കേസിൽ നിന്ന് ഒഴിവാക്കി റിപ്പോർട്ട് കോടതിയിൽ നൽകിയിട്ടുണ്ടെന്ന് എക്സൈസ് വിശദീകരിച്ചിരുന്നു. പിടിച്ചെടുത്തതു ലഹരി വസ്തുവല്ലെന്നാണു കാക്കനാട് റീജനൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയുടെ പരിശോധനാഫലമെന്നും കേസ് റദ്ദാക്കണമെന്നുമാണു ഹർജി നൽകിയത്.

ഫെബ്രുവരി 27ന് എക്സൈസ് സംഘം ഷീലയുടെ സ്കൂട്ടറിലുണ്ടായിരുന്ന ബാഗിൽ നിന്ന് 0.106 ഗ്രാം (12 എണ്ണം) എൽഎസ്ഡി സ്റ്റാംപുകൾ പിടികൂടിയെന്നായിരുന്നു കേസ്. അറസ്റ്റിലായ ഷീല 72 ദിവസം ജയിലിലായി. മേയ് 9ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മേയ് 12നാണു കാക്കനാട് റീജനൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബിൽ നിന്നുള്ള റിപ്പോർട്ട് വന്നത്. പിടിച്ചെടുത്തത് ലഹരി മരുന്നായിരുന്നില്ലെന്ന് എക്സൈസും വ്യക്തമാക്കി. കേസ് എടുത്ത എക്സൈസ് ഇൻസ്‌പെക്ടറെ സസ്പെൻഡ് ചെയ്തെന്നും വ്യാജക്കേസ് റജിസ്റ്റർ ചെയ്യാനുള്ള സാഹചര്യം കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്നും എക്സൈസ് വിശദീകരിച്ചു.

Top