ഊതിച്ചാല്‍ മാത്രം കാര്യമില്ല; കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഊതിച്ചുനോക്കി മാത്രം കേസെടുത്താല്‍ മദ്യപിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന പേരില്‍ കൊല്ലം സ്വദേശികളായ മൂന്നുപേരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.

2018-ലെ സമാനമായൊരു കേസിലെ വിധിയെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ശാസ്ത്രീയമായി രക്തപരിശോധന നടത്തി നിശ്ചിത അളവില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ ഉണ്ടെങ്കില്‍ മാത്രമേ കേസെടുക്കാന്‍ പാടുള്ളൂ എന്നായിരുന്നു അന്നത്തെ കേസില്‍ കോടതി വിധിച്ചത്.

ചില മരുന്നുകള്‍ക്ക് ആല്‍ക്കഹോളിന്റെ ഗന്ധമുള്ളതിനാല്‍ ആല്‍ക്കോമീറ്റര്‍ പരിശോധനയിലും ഇതു വ്യക്തമാകില്ല. അതുകൊണ്ടുതന്നെ ആല്‍ക്കോമീറ്റര്‍ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലും കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് 2018-ലെ വിധിയില്‍ പറുന്നു. രക്തപരിശോധന ഉള്‍പ്പെടെ ശാസ്ത്രീയമായ രീതികള്‍ ഉപയോഗിച്ച് പരിശോധന ഉറപ്പിച്ചാല്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളൂ എന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വ്യക്തിവിരോധത്തിന്റെ പേരിലാണ് പൊലീസ് തങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തതെന്ന് കൊല്ലം സ്വദേശികള്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പുനലൂര്‍ ഡി.വൈ.എസ്.പിയും കേസിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയയതിനെ തുടര്‍ന്ന് ഇവര്‍ പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Top