‘ബില്‍ ഒപ്പിടാന്‍ സമയപരിധിയില്ല’; ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ബില്ലുകള്‍ ഒപ്പിടാന്‍ സമയപരിധിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.

ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതിനു സമയ പരിധി കോടതിക്കു നിശ്ചയിക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതു നിയമ നിര്‍മാതാക്കളുടെ ചുമതലയില്‍പെട്ടതാണെന്ന് കോടതി പറഞ്ഞു.

ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കുമെതിരാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവും ഭരണഘടന നിര്‍മാണസഭയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കെതിരാണെന്നും രാഷ്ട്രീയ അജന്‍ഡകളോടുകൂടിയതാണെന്നും ഹര്‍ജി ആരോപിച്ചു. ഹൈക്കോടതി അഭിഭാഷകനായ പി വി ജീവേഷ് ആണ് ഹര്‍ജി നല്‍കിയത്.

Top