അരിക്കൊമ്പനെ തിരികെ കൊണ്ടു വരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തില്‍? സാബു എം ജേക്കബിനോട് ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ച ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി ചോദിച്ചു.

ആന നിലവില്‍ തമിഴ്‌നാടിന്റെ ഭാഗത്താണുളളത്. ഉള്‍വനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്‌നാട് പറയുന്നത്. തമിഴ്‌നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തില്‍ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് നിങ്ങള്‍ പറയുന്നതെന്നും കോടതി ചോദിച്ചു.

കേരള സര്‍ക്കാര്‍ കടബാധ്യതയിലാണ്. അരിക്കൊമ്പന്‍ ദൗത്യത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 80 ലക്ഷം രൂപയാണ്. സാബു ആണെങ്കില്‍ ബിസിനസില്‍ മികച്ച് നില്‍ക്കുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ആനയെ മാറ്റാന്‍ തയ്യാറായാല്‍ എല്ലാ ചിലവും സാബു വഹിക്കുമോയെന്ന് ആരാഞ്ഞ കോടതി, സാബുവിന് മുഴുവന്‍ ചിലവും വഹിക്കാമല്ലോ, രാഷ്ട്രീയ പാര്‍ട്ടി നേതാവ് കൂടിയല്ലേയെന്നും പരിഹസിച്ചു.

പൊതുതാത്പര്യ ഹര്‍ജികളില്‍ പൊതുതാത്പര്യം ഉണ്ടാകണം. അരിക്കൊമ്പന്‍ ഹര്‍ജിയില്‍ അതുണ്ടോ? ജീവിതത്തില്‍ എന്നെങ്കിലും ഉള്‍ക്കാട്ടില്‍ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ആരാഞ്ഞു. ഹര്‍ജിക്കാരന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാവാണ്. ആ ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം. അരിക്കൊമ്പനെ കാടുകയറ്റാമെന്ന ഉത്തരവാദിത്തം തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന് തമിഴ് നാട്ടിലെ വിഷയത്തില്‍ എന്ത് കാര്യമെന്ന ചോദ്യമുയര്‍ത്തിയ ഹൈക്കോടതി തമിഴ്‌നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ പരാതി ഉണ്ടെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും നിര്‍ദ്ദേശിച്ചു.

Top