21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് ഓര്‍ക്കണം; പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി

കൊച്ചി: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തെന്‍മല സ്വദേശിയായ രാജീവന്‍ എന്നയാളുടെ പരാതി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. പരാതി നല്‍കാനെത്തിയപ്പോള്‍ തന്നെ കമ്പിവേലിയില്‍ കെട്ടിയിട്ടു, വിലങ്ങണിയിച്ചു തുടങ്ങിയ പരാതികളുമായാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

നേരത്തെ ഈ ഹര്‍ജി പരിഗണിച്ചപ്പോഴും കോടതി പൊലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇന്ന് മോഫിയയുടെ മരണം കൂടി പരാമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചത്. 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓര്‍ക്കണമെന്ന് കോടതി പറഞ്ഞു.

മുന്‍പുണ്ടായ പരാതിയില്‍ നടപടിയെടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ നടക്കുന്നതൊന്നും ആവര്‍ത്തിക്കില്ല, ആളുകള്‍ മരിക്കില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. ഭരണഘടന ദിനമായ ഇന്നു തന്നെ ഇത് പറയേണ്ടിവന്നതില്‍ ദുഃഖമുണ്ട്. രാജ്യത്തെ ദൈവം രക്ഷിക്കട്ടേയെന്നാണ് പറയാനുള്ളതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Top