വെടിയുണ്ടകള്‍ കാണാതായ സംഭവം; സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ഈ വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നു വരികയാണെന്നും റൈഫിളുകള്‍ കാണാതായിട്ടില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം അഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എം മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

പൊലീസ് കൈവശമുണ്ടായിരുന്ന വെടിയുണ്ടകളും തോക്കുകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നു ചൂണ്ടിക്കാണിച്ച് സിബിഐയോ എന്‍ഐഎയോ കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ചങ്ങനാശേരി സ്വദേശി പി. പി രാമചന്ദ്ര കൈമളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

എസ്എപി ക്യാമ്പില്‍ നിന്നും തോക്കകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി കണ്ടെത്തല്‍ സര്‍ക്കാരിയെും പൊലീസിനെയും ഏറെ വെട്ടിലാക്കിയിരുന്നു. എന്നാല്‍ എസ്എപി ക്യാമ്പില്‍ നിന്നും വിവിധ ക്യാമ്പുകളിലേക്ക് കൊണ്ടുപോയ തോക്കുകള്‍ തിരിച്ചെത്തിച്ച് പരസ്യപരിശോധന നടത്തി തോക്കുകള്‍ നഷ്ടപ്പെട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് വിലയിരുത്തി. 660 റൈഫിളുകള്‍ ഉണ്ടായിരുന്നതില്‍ 647 എണ്ണം ക്യാംപില്‍ തന്നെയുണ്ട്. ശേഷിച്ച 13 എണ്ണം കഴിഞ്ഞ ജനുവരി 16ലെ ഉത്തരവിലൂടെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ പരിശീലനത്തിനായി മണിപ്പൂരിലേക്കു നല്‍കിയിരിക്കുകയാണ്. ഇവ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പരിശോധിച്ച് ഉറപ്പു വരുത്തിയെന്നാണു സര്‍ക്കാര്‍ ഹൈക്കോടതിയെ ധരിപ്പിച്ചത്.12,000ത്തിലധികം വെടിയുണ്ടകള്‍ കാണാനില്ലെന്നായിരുന്നു സിഎജി കണ്ടെത്തല്‍.

Top