നിയമനം ചട്ടംലംഘിച്ച്, വേണ്ട യോഗ്യതയില്ല; മാര്‍ക്കറ്റ് ഫെഡ് എംഡിയെ ഹൈക്കോടതി പുറത്താക്കി

കൊച്ചി: മാർക്കറ്റ് ഫെഡ് എംഡിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. മാർക്കറ്റ് ഫെഡ് എംഡി എസ് കെ സനിലിനെ പുറത്താക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സനിൽ ഇന്നു തന്നെ ഒഴിയണമെന്നും നിർദേശിച്ചു. എംഡി എന്ന തലത്തിൽ ഒരു ഇടപെടലും നടത്തരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

സനിലിന്റെ നിയമനം ചോദ്യം ചെയ്ത് വയനാട് സ്വദേശിയായ കൃഷ്ണൻ എന്നയാളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നിയമനത്തിൽ ക്രമക്കേടുണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്.

2018 ലാണ് സനിലിനെ മാർക്കറ്റ് ഫെഡ് എംഡിയായി നിയമിച്ചത്. നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് സനിലിനെ എംഡി സ്ഥാനത്ത് നിന്ന് ഡിവിഷൻ ബെഞ്ച് നീക്കിയത്. സിംഗിൾ ബഞ്ച് ഉത്തരവും റദ്ദാക്കി.

സനിലിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനെയാണ് എംഡിയായി നിയമിക്കേണ്ടത്. ആ ചട്ടം സനിലിനെ നിയമിച്ചപ്പോൾ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമനത്തിലെ സർക്കാരിന്റെ വീഴ്ചയിൽ ഹൈക്കോടതി അസംതൃപ്തി പ്രകടിപ്പിച്ചു.

Top