കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജി നിയമനം: പട്ടിക ഉടന്‍ സുപ്രീംകോടതി കൊളീജിയത്തിന് കൈമാറിയേക്കും

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിമാരായി നിയമിക്കേണ്ട അഭിഭാഷകരുടെ പട്ടിക ഉടന്‍ സുപ്രീംകോടതി കൊളീജിയത്തിന് കൈമാറിയേക്കും. പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ ദേശായിയുടെ അധ്യക്ഷതയിലുള്ള ഹൈക്കോടതി കൊളീജിയം രണ്ടാഴ്ചയ്ക്കുള്ളില്‍ യോഗംചേരും.

35 സ്ഥിരം ജഡ്ജിമാരും 12 അഡീഷണല്‍ ജഡ്ജിമാരും ഉള്‍പ്പടെ 47 ജഡ്ജിമാരുടെ തസ്തികയാണ് കേരള ഹൈകോടതിക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത്. നിലവില്‍ 32 സ്ഥിരം ജഡ്ജിമാരും നാല് അഡീഷണല്‍ ജഡ്ജിമാരുമാണ് ഹൈക്കോടതിയിലുള്ളത്. ജഡ്ജി നിയമനത്തിന് ഏറ്റവും ഒടുവില്‍ ഹൈക്കോടതി കൊളീജിയം അഭിഭാഷകരുടെ പട്ടിക സുപ്രീംകോടതി കൊളീജിയത്തിന് കൈമാറിയത് 20210-ലാണ്. അന്ന് ശുപാര്‍ശ ചെയ്യപ്പെട്ട ജസ്റ്റിസ് ബസന്ത് ബാലാജി 2023 ജൂലായില്‍ സ്ഥിരം ജഡ്ജിയായി. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ അടുത്തവര്‍ഷം മേയ് മാസത്തോടെ സ്ഥിരം ജഡ്ജിയാകും.

ഇവര്‍ക്കൊപ്പം ശുപാര്‍ശ ചെയ്യപ്പെട്ട അരവിന്ദ് കുമാര്‍ ബാബു, കെ.എ സഞ്ജീത എന്നിവരുടെ പേരുകള്‍ സുപ്രീംകോടതി കൊളീജിയം രണ്ടുതവണ കേന്ദ്രത്തിന് കൈമാറിയെങ്കിലും സര്‍ക്കാര്‍ മടക്കി. തുടര്‍ന്ന് ഹൈക്കോടതിയില്‍നിന്ന് ചില വിവരങ്ങള്‍ ആരാഞ്ഞശേഷം ശുപാര്‍ശ വീണ്ടും കേന്ദ്രത്തിന് അയക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സുപ്രീംകോടതി കൊളീജിയം എത്തിയതായാണ് സൂചന.

ചീഫ് ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്നതാണ് കേരള ഹൈക്കോടതി കൊളീജിയം. വിവിധ ഹൈകോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ ഒഴിവുകളിലേക്ക് നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം പരിഗണിക്കുന്നവരില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖുമുണ്ട്. കേരള ഹൈക്കോടതിയില്‍നിന്നുള്ള ജഡ്ജിമാര്‍ രാജ്യത്തെ ഒരു ഹൈക്കോടതിയിലും നിലവില്‍ ചീഫ് ജസ്റ്റിസുമാരായില്ല. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഉണ്ടാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് മുഷ്താഖിന്റെ സ്ഥാനക്കയറ്റത്തിന് മുന്‍പ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കേണ്ടവരുടെ പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയേക്കും.

ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെടാന്‍ സാധ്യത കല്‍പ്പിക്കുന്ന അഭിഭാഷകരുമായി ഇതിനോടകം പ്രാരംഭ ആശയവിനിമയം ആരംഭിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നികുതി റിട്ടേണുകളുടെ പകര്‍പ്പ്, ഹാജരായ കേസുകളിലെ വിധിന്യായങ്ങള്‍ എന്നിവ കൈമാറാന്‍ ഇവരില്‍ ചിലരോട് ആവശ്യപ്പെട്ടതായാണ് സൂചന. ഇവകൂടി പരിഗണിച്ചാകും ഹൈക്കോടതി കൊളീജിയം അന്തിമ ശുപാര്‍ശയ്ക്ക് രൂപം നല്‍കുന്നത്. ജഡ്ജിമാരുടെ സ്ഥലമാറ്റം സംബന്ധിച്ച പുതിയ നയം പുറത്തിറങ്ങിയാല്‍ നിയമനം കിട്ടുന്ന ചില ജഡ്ജിമാര്‍ക്ക് ഇതരസംസ്ഥാനങ്ങളിലെ ഹൈകോടതികളിലും പ്രവര്‍ത്തിക്കേണ്ടിവന്നേക്കാം.

കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശചെയ്ത രണ്ട് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പേരുകളില്‍ കേന്ദ്ര തീരുമാനം ഇനിയും വൈകും. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, എം.ബി. സ്‌നേഹലത, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍ എന്നിവരുടെ നിയമനശുപാര്‍ശയാണ് കേന്ദ്രം പിടിച്ചുവച്ചിരിക്കുന്നത്. ഇരുവരെയും അഡീഷണല്‍ ജഡ്ജിമാരായി നിയമിക്കുന്നതിലുള്ള ചില വിയോജിപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതി കൊളീജിയത്തെ അറിയിച്ചിരുന്നു.

ആ വിയോജിപ്പുകള്‍ തള്ളിക്കൊണ്ടാണ് ഇരുവരെയും ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രത്തിന് സുപ്രീംകോടതി കൊളീജിയം കൈമാറിയത്. എന്നാല്‍, ആദ്യം ഉന്നയിച്ച വിയോജിപ്പുകള്‍ ഇപ്പോഴും തുടരുകയാണെന്ന സൂചനകളാണ് കേന്ദ്ര നിയമ മന്ത്രാലയം നല്‍കുന്നത്. എന്നാല്‍ ശുപാര്‍ശകള്‍ ഉടന്‍ സുപ്രീംകോടതി കൊളീജിയത്തിന് മടക്കാന്‍ സാധ്യതയില്ല.

 

 

Top