ജീവനക്കാർക്ക് കൂപ്പൺ നൽകുമെന്ന് പറയാൻ അസാധ്യ ചങ്കൂറ്റം വേണം: ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിഷയത്തിൽ വീണ്ടും ആഞ്ഞടിച്ച് ഹൈക്കോടതി. ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ശമ്പളം കൊടുത്തില്ലെങ്കിൽ സ്ഥാപനം പൂട്ടേണ്ടിവരും. ജീവനക്കാർക്ക് ശമ്പളത്തിന് പകരം കൂപ്പൺ നൽകുമെന്ന് പറയാൻ അസാധ്യ ചങ്കൂറ്റം വേണമെന്ന് കോടതി അതിരൂക്ഷവിമർശനമുയർത്തി.ശമ്പള വിഷയത്തിൽ സർക്കാർ സഹായത്തിന്റെ കാര്യമൊന്നും അറിയേണ്ട എന്നും ഹൈക്കോടതി പറഞ്ഞു.

ശമ്പള വിഷയത്തിൽ ഇതുവരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. 2021-2022 കാലയളവിൽ മാത്രം 2076 കോടി രൂപ കെഎസ്ആർടിസിക്ക് സർക്കാർ ധനസഹായം നൽകി. പക്ഷേ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത പ്രതിസന്ധിയുടെ രൂക്ഷത വർധിക്കാൻ ഇടയാക്കിയെന്നായിരുന്നു കുറ്റപ്പെടുത്തൽ.

കെഎസ്ആർടിസിയെ പൊതുമേഖലയിൽ നിലനിർത്തുക എളുപ്പമല്ലെന്നും കോർപ്പറേഷനെ സ്വയം ഭരണാധികാരമുള്ള മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കുമെന്നും ചിന്ത വാരികയിലെഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളിൽ ഉൾപ്പെടെ ജീവനക്കാർ സഹകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Top